ആസംഗര്‍ഹ്: പ്രണയിച്ചതിന് ദലിത് യുവാവിനെ മർദ്ദിച്ചു കൊന്ന കേസില്‍ അഞ്ച് പേർ അറസ്റ്റില്‍. 25 കാരനായ മനീഷ് റാം ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ആസംഗര്‍ഹ് ജില്ലയിലെ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. മനീഷ് പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ മർദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നാണ് ആരോപണം. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയടക്കം അഞ്ച് പേരെ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. മനീഷ് റാം പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും അവളുടെ കുടുംബാംഗങ്ങള്‍ ആ ബന്ധത്തെ എതിര്‍ത്തിരുന്നു. പെൺകുട്ടിയില്‍ നിന്നും മനീഷിനെ അകറ്റാന്‍ അവന്‍റെ കുടുംബം അദ്ദേഹത്തെ മുംബൈയിലേക്ക് അയച്ചിരുന്നു. അടുത്തിടെ മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ മനീഷ് വീണ്ടും പെൺകുട്ടിയെ കാണാൻ തുടങ്ങി.
ബുധനാഴ്ച രാത്രി വൈകി മനീഷ് പെൺകുട്ടിയെ കാണാൻ എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാർ പിടികൂടി കൈകളും കാലുകളും കെട്ടിയിട്ട് തല്ലുകയായിരുന്നു. മനീഷിന്‍റെ കുടുംബാംഗങ്ങൾ സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ പൊലീസ് എത്തുമ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച കുശിനഗർ ജില്ലയിൽ കൊലപാതകക്കേസിൽ പ്രതിയായ ഒരാളെ പ്രകോപിതരായ ജനക്കൂട്ടം മർദ്ദിച്ചിരുന്നു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.