പൂനെ: യുഎസ്എയിൽ "വാക്സിൻ" നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പറിൽ നിന്നും 38.50 ലക്ഷം രൂപ തട്ടിയെടുത്ത് ഓൺലൈൻ തട്ടിപ്പുകാർ.ഈ വർഷം ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ നടത്തിയ 14 വ്യത്യസ്ത ഇടപാടുകളിലാണ് പരാതിക്കാരന് പണം നഷ്ടപ്പെട്ടതെന്ന് സ്വാർഗേറ്റ് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
വാക്സിൻ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കാലിഫോർണിയ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിലാണ് താൻ പ്രവർത്തിക്കുന്നതെന്ന് കാട്ടി സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിലൂടെ ഒരു സ്ത്രീയാണെന്ന് പരാതിക്കാരനുമായി ബന്ധപ്പെട്ടത്.തുടര്‍ന്ന് തങ്ങളുടെ ലബോറട്ടറിക്ക് ഇന്ത്യയിൽ മാത്രമായി കാണപ്പെടുന്ന ഒരു പ്രത്യേക എണ്ണ ആവശ്യമാണെന്നും റിയൽ എസ്റ്റേറ്റ് ഡവലപ്പറായ പരാതിക്കാരൻ ഇത് ശേഖരിക്കാനും പണം സമ്പാദിക്കാനും സഹായിക്കണമെന്ന് സ്ത്രീ അവശ്യപ്പെടുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ഇന്ത്യയിൽ എണ്ണ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ഒരാളുടെ കോൺടാക്റ്റ് നമ്പരും തട്ടിപ്പുകാർ റിയൽ എസ്റ്റേറ്റ് ഡെവലപ്പര്‍ക്ക് നൽകി.
പിന്നീട് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിൽ നടത്തിയ 14 വ്യത്യസ്ത ഇടപാടുകളിൽ 38.5 ലക്ഷം രൂപ പരാതിക്കാരൻ ഇവര്‍ക്ക് നൽകിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടവരെയോ അവരുമായി ബന്ധമുള്ളവരെയോ വ്യക്തിപരമായി കണ്ടിട്ടില്ലെന്ന് പരാതിക്കാരൻ പറഞ്ഞു.കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയാണ് റിയൽ എസ്റ്റേറ്റ് ഡെവലപ്പറര്‍ പൊലീസിനെ സമീപിച്ചത്.