ജയ്‌പൂർ: കാമുകിയുടെ വീട്ടുകാർ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ജൽവാർ ജില്ലയിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പിതാവും, ഏഴ് ബന്ധുക്കളും ചേർന്നാണ് യുവാവിനെ കൊന്നത്. പരിക്കുകളോടെ യുവാവിന്‍റെ മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ രഘുനാഥ്പുര ഗ്രാമത്തിലെ വനമേഖലയിൽ നിന്ന് കണ്ടെത്തി. രാകേഷ് കുമാർ തെലി (26) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് രധുലാൽ ലോധ (60), അമ്മാവൻ ബദ്രിലാൽ ലോധ (58) എന്നിവരെ അറസ്റ്റ് ചെയ്‌തു. ബന്ധുക്കളായ ജഗദീഷ് ലോധ, വിജയ് സിംഗ് ലോധ എന്നിവരെയും മറ്റ് നാല് പേരെയും പിടികൂടാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ വീട്ടിലെ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന രാകേഷ് പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നും കണ്ടെത്തി. യുവാവിനെ കൊലപ്പെടുത്തിയ ശേഷം വസ്‌ത്രങ്ങൾ, മൊബൈൽ എന്നിവ ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.