ഷിംല: ഹിമാചൽ പ്രദേശിലെ ഹമിർപൂർ ജില്ലയിൽ മദ്യം വാങ്ങാനായി ഗാർഹിക നിരീക്ഷണം ലംഘിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. മദ്യം വാങ്ങാൻ വീട്ടിൽ നിന്ന് പുറത്തുപോയതായി ഭാര്യയാണ് പൊലീസിനെ വിവരം അറിയിച്ചത്.
ജൂനിയർ ബേസിക് ട്രെയിനിങ്ങ് (ജെബിടി) അധ്യാപകനും സഹോദരനും കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗുജറാത്തിൽ നിന്ന് ബർസാർ പ്രദേശത്തേക്ക് മടങ്ങിയെത്തിയത്. കൊവിഡ് മുൻകരുതൽ നടപടിയായാണ് ഇരുവരെയും ഹോം ക്വാറന്‍റൈനിൽ പാർപ്പിച്ചിരുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം, ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്കെതിരായ വകുപ്പുതല നടപടികൾക്ക് വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.