ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ് ഷഹറില്‍ ക്ഷേത്രത്തിനുള്ളില്‍ വെച്ച് രണ്ട് പൂജാരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയില്‍. മുരാരി ഏലിയാസ് രാജു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ ലഹരി മരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങൾ ആചാര പ്രകാരം സംസ്‌കരിച്ചതായി കോട്‌വാലി സര്‍ക്കിൾ ഇൻസ്‌പെക്‌ടര്‍ അതുല്‍ ചൗബി പറഞ്ഞു. ബുലന്ദ് ഷഹറിലെ പഗോന ഗ്രാമത്തിലെ ക്ഷേത്രത്തിനകത്ത് രണ്ട് പൂജാരിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വാൾ കൊണ്ട് മുറിവേൽപ്പിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. ക്ഷേത്രവസ്‌തുക്കള്‍ മോഷ്‌ടിക്കുന്നത് ചോദ്യംചെയ്‌തതാണ് കൊലപാതക കാരണമെന്നാണ് റിപ്പോർട്ട്.