കൊൽക്കത്ത: "ജയ് ശ്രീ റാം" വിളിയിൽ മമത ബാനർജിക്ക് ഇത്ര അസഹിഷ്ണുത എന്തെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. "ഞാൻ ഇവിടെ വരുമ്പോൾ ജയ് ശ്രീ റാം മുദ്രാവാക്യങ്ങൾ മുഴക്കി എന്നെ സ്വാഗതം ചെയ്തു. എന്നാൽ മമത ദീദിക്ക് ഇത് കേട്ട് എന്തുകൊണ്ടാണ് ദേഷ്യം വരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്ന് ജനുവരി 23 ന് കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ ഹാളിൽ നടന്ന സംഭവത്തെ പരാമർശിച്ച് ജെപി നദ്ദ പറഞ്ഞു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബംഗാൾ ജനത മമത ഭരണത്തിന് അവസാനം കുറിക്കുമെന്നും ജെപി നദ്ദ പറഞ്ഞു. സംസ്ഥാന ബിജെപി സംഘടിപ്പിച്ച "കൃഷാക് രക്ഷാ അഭിയാൻ" പരിപാടിയുടെ സമപാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജെപി നദ്ദ. കര്‍ഷകര്‍ക്ക് വേണ്ടി മമത സർക്കാർ എന്താണ് ചെയ്തതെന്ന് നദ്ദ ചോദിച്ചു. പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തിയ സർക്കാരാണ് പശ്ചിമ ബംഗാൾ ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംസ്ഥാനത്തെ കർഷകരോട് കാണിക്കുന്ന അനീതിയാണെന്നും നദ്ദ പറഞ്ഞു. പശ്ചിമബംഗാളിലെ 70 ലക്ഷം കർഷകർക്കാണ് അത് വഴി പ്രയോജനം ലഭിക്കാതെ പോയതെന്നും നദ്ദ കുറ്റപ്പെടുത്തി.