വെടിയുണ്ടകൾ അവൾക്ക് പോരാളിയല്ലായിരുന്നു. പെൺകുട്ടികൾക്ക് അക്ഷരം നിഷേധമാണെന്ന നയമായിരുന്നു ആ വിപ്ലവനായികയുടെ എതിർമുഖത്ത് നിന്നിരുന്നത്. അതെ, തങ്ങൾക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള പെൺകരുത്ത് കാട്ടിയവൾ; മലാല യൂസഫ്‌സായ്.
2013 ജൂലൈ 12ന് ഐക്യരാഷ്ട്രസഭ മലാലദിനമായി പ്രഖ്യാപിച്ചു. അന്നേ ദിവസം മലാല, ഐക്യരാഷ്ട്രസഭയുടെ (യുഎൻ) ആസ്ഥാനത്ത് നടത്തിയ തുല്യ വിദ്യാഭ്യാസ അവകാശത്തിനുള്ള ധീര പ്രസംഗത്തിന് പിന്നാലെയാണ് ജൂലൈ 12, അന്താരാഷ്‌ട്ര മലാലദിനമായി ആചരിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായത്. ജൂലൈ 12ന് തന്നെയാണ് മലാലയുടെ ജന്മദിനവും. പാകിസ്ഥാനിൽ ഓരോ പെൺകുട്ടിക്കും വിദ്യ അഭ്യസിക്കാനുള്ള സ്വതന്ത്ര്യമുണ്ടെന്നും അതിനായി പോരാടിയപ്പോൾ നിറയൊഴിച്ച തോക്കുകളാണ് മറുപടി നൽകിയതെന്നും എന്നാൽ, അക്ഷരങ്ങൾക്ക് ആയുധങ്ങളേക്കാൾ മൂർച്ചയുണ്ടെന്നും തന്‍റെ അനുഭവങ്ങളിലൂടെ മലാല യുഎന്നിൽ വിശദീകരിച്ചപ്പോൾ, ചടങ്ങിൽ സന്നിഹിതരായ ഓരോ വ്യക്തിയും തങ്ങളുടെ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് ആ പോരാട്ടവീര്യത്തെ ആദരിച്ചു. അങ്ങനെ പ്രായത്തിൽ ചെറുപ്പമായ മിടുക്കി, മലാല യൂസഫ്‌സായിയുടെ ജന്മദിനത്തിൽ തന്നെ മലാല ദിനവും യുഎൻ പ്രഖ്യാപിക്കുകയായിരുന്നു.
മലാലയെ കുറിച്ച്
- 1997 ജൂലൈ 12ന് പാക്കിസ്ഥാനിലെ സ്വാത് വാലിയിലെ ഏറ്റവും വലിയ നഗരമായ മിങ്കോരയിലാണ് മലാല ജനിക്കുന്നത്. സ്‌കൂൾ ഉടമയും കവിയുമായ സിയവുദ്ദീൻ യൂസഫ്‌സായിയുടെയും ടോർ പെകായ് യൂസഫ്‌സായിയുടെയും മകൾ. മലാലക്ക് രണ്ട് ഇളയ സഹോദരന്മാരും ഉണ്ട്.
- 2012 ഒക്ടോബർ ഒമ്പതിനാണ് സ്കൂളിൽ നിന്ന് മടങ്ങി വരികയായിരുന്ന മലാലയ്ക്ക് നേരെ തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) വെടിയുതിർത്തത്. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വാദിച്ചതിനും താലിബാനെതിരെ സംസാരിച്ചതിനും കൊലപ്പെടുത്തുക എന്നതായിരുന്നു എതിരാളികൾ കണ്ടെത്തിയ ഉപായം. വധ ശ്രമത്തിൽ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
- സ്വന്തം രാജ്യമായിട്ടും പാകിസ്ഥാനിൽ സ്‌ത്രീകളുടെ വിദ്യാഭ്യാസത്തിനെതിരെ താലിബാൻ ഏർപ്പെടുത്തിയ വിലക്കിനെ എതിർത്തതിന് വെടിയേറ്റ മലാല യൂസഫ്‌സായ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരിടുന്നവരുടെ അന്തർദേശീയ ചിഹ്നമായി മാറിയെന്നു വേണം പറയാൻ.
- ഇതിനൊക്കെ ഏറെക്കാലം മുമ്പ്, 2009ൽ സ്വന്തം ഗ്രാമത്തിൽ വർധിച്ചുവരുന്ന സൈനിക പ്രവർത്തനങ്ങളെക്കുറിച്ചും തന്‍റെ സ്‌കൂൾ ആക്രമിക്കപ്പെടുമോ എന്ന ഭയവും വിവരിച്ചുകൊണ്ട് തൂലികാ നാമത്തിൽ അവൾ ബ്ലോഗുകൾ എഴുതാൻ ആരംഭിച്ചു. മലാലയാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷവും മലാലയും അച്ഛൻ സിയവുദ്ദീനും വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായി ശബ്‌ദം ഉയർത്തിക്കൊണ്ടേയിരുന്നു.
- സ്‌കൂളിൽ നിന്ന് തിരികെ വരികയായിരുന്ന മലാലക്ക് നേരെ താലിബാൻ നടത്തിയ ആക്രമണം ആഗോളതലത്തിൽ ശ്രദ്ധപിടിച്ചു പറ്റുകയും പ്രതികരണങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്‌തു. രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് വിദ്യാഭ്യാസ അവകാശത്തിനായുള്ള നിവേദനത്തിൽ ഒപ്പുവെച്ചത്. പാകിസ്ഥാനിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശവും ഒപ്പം ദേശീയ അസംബ്ലി അംഗീകരിച്ചു.
- താലിബാന്‍റെ ആക്രമണത്തെ വീറോടെ നേരിട്ട് ചികിത്സയിൽ നിന്നും തിരിച്ചെത്തിയ മലാലയുടെ വീക്ഷണത്തിനെയും ദൃഢനിശ്ചയത്തെയും പരിക്കേൽപ്പിക്കാൻ ഒരുപക്ഷേ ശത്രുക്കൾ ഒട്ടും തന്നെ സാധിച്ചില്ല. സ്ത്രീ- പുരുഷ ഭേദമന്യേ തുല്യ അവകാശങ്ങൾക്കായി അവൾ വീണ്ടും രംഗത്തിറങ്ങി, മുമ്പത്തേക്കാൾ കൂടുതൽ ശക്തിയോടെ. ബര്‍മിങ്ഹാം നഗരത്തിൽ നിന്നും 'മലാല ഫണ്ട്' സമാഹരിച്ചുകൊണ്ട്, ചെറിയ പെൺകുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതിന് അവൾ സഹായമായി.
- 'ഞാൻ മലാല'- ബ്രിട്ടീഷ് പത്ര പ്രവർത്തക ക്രിസ്റ്റീന ലാംബിനൊപ്പം ചേർന്ന് ഒരു പുസ്തകം രചിച്ചു. മലാലയുടെ ഈ ജീവചരിത്ര കൃതി ലോകമെമ്പാടുമുള്ള വായനക്കാർ ഇരുകൈ നീട്ടി സ്വീകരിച്ചതോടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്‌തകങ്ങൾക്കിടയിലും ഞാൻ മലാല പേരെടുത്തു.
- 2012ൽ പാകിസ്ഥാന്‍റെ ആദ്യത്തെ നാഷണൽ യൂത്ത് പീസ് പ്രൈസ് നേടി.
- 2014 ഡിസംബറിൽ സമാധനത്തിനുള്ള നൊബേൽ പുരസ്‌കാരം മലാലയെ തേടിയെത്തി. ഒരു പതിനേഴ് വയസുകാരിയെ പുരസ്‌കാരം നൽകി ആദരിക്കുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ ജേതാവെന്ന കീർത്തിയും അവൾ സ്വന്തമാക്കി.
- സ്‌ത്രീ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്, 2017ലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സന്ദേശവാഹകയായി മലാലയെ നിയമിച്ചു.
- മലാല യൂസഫ്‌സായ് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഈ അടുത്തിടെ, അതായത് 2020 ജൂണിലാണ് ബിരുദം പൂർത്തിയാക്കുന്നത്. 2017 ഒക്ടോബറിലാണ് അവർ ഓക്സ്ഫോർഡിൽ പഠനം ആരംഭിച്ചത്.
മലാലയെ കുറിച്ച് അറിയാൻ ഇനിയുമേറെ...
- സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
- 2009ൽ മലാല ബിബിസിക്ക് വേണ്ടി താലിബാൻ ഭരണത്തിന്‍റെ അധീനതയിലുള്ള ജീവിതത്തെ കുറിച്ച് ബ്ലോഗ് എഴുതാൻ ആരംഭിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിച്ച മലാല, പാകിസ്ഥാനിലെ പ്രമുഖ വ്യക്തിയായി മാറുകയും നിരവധി ടെലിവിഷൻ പരിപാടികളിലൂടെയും മറ്റും സ്‌ത്രീ വിദ്യാഭ്യാസ അവകാശത്തിന്‍റെ പ്രതിനിധിയായി എത്തുകയും ചെയ്‌തു.
- ആദ്യത്തെ ബിബിസി ഡയറി എൻട്രി എഴുതുമ്പോൾ മലാലയ്ക്ക് 11 വയസായിരുന്നു. 'അയാം അഫ്രയ്‌ഡ്' എന്ന എഴുത്തിലൂടെ സ്വാത് വാലിയിലെ യുദ്ധ സാഹചര്യങ്ങളെയും അവളുടെ ഭയത്തെയും വിവരിച്ചു. താലിബാന്‍റെ നിയന്ത്രണത്തിൽ സ്‌കൂളിൽ പോകാൻ ഭയപ്പെട്ടിരുന്ന തന്‍റെ പേടിസ്വപ്നങ്ങളെക്കുറിച്ചും മലാല എഴുതി.
- 2013 ഒക്ടോബർ പത്തിന് യൂറോപ്യന്‍ പാർലമെന്‍റ് സഖരോവ് മനുഷ്യാവകാശ സമ്മാനം നല്‍കി ആദരിച്ചു.
- 2015ൽ മലാലയുടെ ബഹുമാനാർത്ഥം ഒരു ഛിന്നഗ്രഹത്തിന് അവരുടെ പേര് നൽകി.
- 2017 ഏപ്രിലിൽ മലാല യുഎൻ സമാധാന സന്ദേശവാഹകയായി.
- കനേഡിയൻ പൗരത്വം ലഭിച്ചുവെന്ന് മാത്രമല്ല, ധീരയായ പെൺകരുത്തിന്‍റെ പര്യായമായ മലാല കാനഡയിലെ ഹൗസ് ഓഫ് കോമൺസിനെ അഭിസംബോധന ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി മാറി.