ഗില്‍ജിറ്റ്- ബാള്‍ട്ടിസ്ഥാനെ സമ്പൂര്‍ണ്ണ പ്രവിശ്യയാക്കി മാറ്റാനുള്ള പാകിസ്ഥാന്‍റെ ആശയം ഈ മേഖലക്ക് പുറത്ത് വലിയ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ജമ്മു-കശ്മീരിന് ഭരണഘടനയിൽ പ്രത്യേക പദവി നല്‍കിയിരുന്ന 370, 35-എ വകുപ്പുകള്‍ റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തിനുള്ള ഒരു തിരിച്ചടിയായിട്ടാണ് ഇതിനെ ഗില്‍ജിറ്റ് -ബാള്‍ട്ടിസ്ഥാന്‍ വംശജര്‍ കാണുന്നത്.
ഗില്‍ജിറ്റ്- ബാള്‍ട്ടിസ്ഥാനെ തങ്ങളുടെ അഞ്ചാമത്തെ പ്രവിശ്യയാക്കി മാറ്റിക്കൊണ്ട് കശ്മീര്‍ സംബന്ധിച്ച രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തുവാനുള്ള ആഗ്രഹങ്ങള്‍ പുറത്ത് വിട്ടു കൊണ്ട് പാകിസ്ഥാനിലെ കശ്മീര്‍, ഗില്‍ജിറ്റ്- ബാള്‍ട്ടിസ്ഥാന്‍ (ജി ബി) കാര്യ മന്ത്രി അലി അമീന്‍ ഗാണ്ടപൂര്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതാണ് പ്രശ്‌നം ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചത്. പാക് അധീന കശ്മീരിലെ മറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ മേഖലയെ ഒരു പ്രവിശ്യയാക്കി മാറ്റിയതിനാൽ പാകിസ്ഥാന്‍റെ ദേശീയ നിയമസഭയില്‍ ഇനി ജി ബി ക്ക് ഒരു പ്രതിനിധി ഉണ്ടാകും. ഗില്‍ജിറ്റ്- ബാള്‍ട്ടിസ്ഥാനെ ഒരിക്കലും ജമ്മു- കശ്മീരിന്‍റെ ഭാഗമായി കാണുവാന്‍ ആഗ്രഹിക്കാത്ത ചില മുന്‍ കാല വിമത നേതാക്കന്മാരുടെ വായ മൂടിക്കെട്ടുവാന്‍ വേണ്ടിയാണ് ഗില്‍ജിറ്റ്-ബാള്‍ട്ടിസ്ഥാനെ ഒരു പ്രവിശ്യയാക്കി ഉയര്‍ത്തിയത്. ഈ മേഖലയ്ക്ക് അതിന്‍റേതായ രാഷ്ട്രീയ ചരിത്രമുണ്ടെന്നും അത് ജമ്മു-കശ്മീരിന്‍റെ മറ്റ് ഭാഗങ്ങളുമായി ഒരു ബന്ധവുമില്ലാത്തതുമാണെന്ന് വാദിച്ചു കൊണ്ടാണ് പഴമക്കാരായ ഈ വിമതര്‍ അത്തരം ഒരു നിലപാട് എടുത്തത്. യഥാര്‍ത്ഥത്തില്‍ ഗുലാബ് സിങ് ബ്രിട്ടീഷുകാരുമായി ഒപ്പു വെച്ച അമൃത്‌സര്‍ കരാറിന്‍റെ ഭാഗമായിരുന്നില്ല ഗില്‍ജിറ്റ്-ബാള്‍ട്ടിസ്ഥാന്‍. അത് പിന്നീടാണ് ജമ്മു-കശ്മീരിന്‍റെ ഭാഗമായി മാറിയത്. അന്ന് ഗില്‍ജിറ്റിന്‍റെ വടക്കന്‍ മേഖലകള്‍ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലായിരുന്നു. കമ്മ്യൂണിസത്തിന്‍റെ സ്വാധീനത്തെ തങ്ങളുടെ അതിര്‍ത്തിക്കപ്പുറത്ത് തടുത്ത് നിര്‍ത്തുന്നതിന് വേണ്ടി അന്നത്തെ ഗില്‍ജിറ്റ് ഏജന്‍സി എന്ന രാഷ്ട്രീയ ഏജന്‍റിലൂടെയായിരുന്നു ഈ ഭരണം.
കശ്മീരുമായി കൂട്ടിച്ചേര്‍ത്തതോടെ ഈ മേഖലയെ താഴ്ത്തി കെട്ടുകയായിരുന്നു എന്നാണ് അവിടുത്തെ നേതൃത്വം വിശ്വസിച്ചു പോരുന്നത്. കടലാസില്‍ ജമ്മു- കശ്മീരിന്‍റെ ഭാഗമാണ് ഈ മേഖലയെങ്കിലും അതിന് പാക് അധീന കശ്മീരിലെ മറ്റ് പ്രദേശങ്ങളുടെ സ്വയം ഭരണ അവകാശം അത്ര അധികം ഇല്ലായിരുന്നു. പാക് അധീന കശ്മീരിന് ഒരു പ്രത്യേക പ്രസിഡന്‍റും പ്രധാനമന്ത്രിയും നിയമ നിര്‍മ്മാണ സഭയുമുണ്ട്. എന്നാല്‍ ഗില്‍ജിറ്റ്-ബാള്‍ട്ടിസ്ഥാന്‍റെ കാര്യം മറിച്ചാണ്. 2018-ല്‍ പാകിസ്ഥാന്‍ ഇറക്കിയ ഒരു ഉത്തരവിലൂടെ നിലവില്‍ വന്ന ഒരു നിയമ നിര്‍മ്മാണ സഭയിലൂടെ പാകിസ്ഥാന്‍റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലാണ് ഈ പ്രദേശം.
പാക് അധീന കശ്മീരിന് അതിന്‍റേതായ സുപ്രീം കോടതിയുണ്ട്. എന്നാല്‍ ജി ബി ഈ കോടതിയുടെ പരിധിയില്‍ വരുന്ന പ്രദേശമല്ല. പാകിസ്ഥാനിലെ സുപ്രീം കോടതിയുടെ ഒരു വിധി പ്രകാരവും, ജമ്മു-കശ്മീർ സംബന്ധിച്ച പാകിസ്ഥാന്‍-ചൈന കരാര്‍ പ്രകാരവും ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട അവസാന ഒത്തുതീര്‍പ്പ് സ്വാഭാവികമായും ജി ബി ക്കും ബാധകമാവുകയായിരുന്നു. എന്നാല്‍ ഈ പ്രദേശത്തെ പാകിസ്ഥാന്‍റെ ഒരു പ്രവിശ്യയാക്കി മാറ്റുന്നതോടു കൂടി അതിന്‍റെ മൊത്തത്തിലുള്ള രാഷ്ട്രീയ സ്വഭാവം തന്നെ മാറാന്‍ പോവുകയാണ്.
യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് (ഇ എഫ് എസ് എ എസ്) എന്ന യൂറോപ്യന്‍ ബുദ്ധി കേന്ദ്രം പറയുന്നത് ഈ തീരുമാനം എടുത്തിരിക്കുന്നത് റാവല്‍പിണ്ടിയാണെന്നും ഇസ്ലാമാബാദ് അല്ല എന്നുമാണ്. പാകിസ്ഥാന്‍റെ സൈനിക തലസ്ഥാനം എന്ന നിലയില്‍ ആലങ്കാരികമായി പറഞ്ഞു വരുന്നത് റാവല്‍പിണ്ടിയെയാണ്.
ജി ബി യുടെ പദവി മാറ്റുന്നതിനു വേണ്ടി ചൈന ഏറെ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് പലരും വാദിക്കുന്നത്. കാരണം ഈ തര്‍ക്ക പ്രദേശത്ത് ചൈനക്ക് ധാരാളം മുതല്‍മുടക്ക് ഉണ്ട്. ചൈനയുടെ പ്രധാനപ്പെട്ട വാണിജ്യ പാതയായ ചൈന -പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സി പി ഇ സി) കടന്നു പോകുന്നത് ജി ബി യിലൂടേയാണ്. അവിഭക്ത ജമ്മു-കശ്മീരിന്‍റെ ഭാഗമായി അംഗീകരിച്ച ഒരു മേഖലയാണ് ഇത്. കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ച വേളയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ഇപ്പോള്‍ ഗില്‍ജിറ്റ്-ബാള്‍ട്ടിസ്ഥാനായി അറിയപ്പെടുന്ന ഗില്‍ജിറ്റ് ഏജന്‍സിയെ തര്‍ക്ക പ്രദേശമായ ഒരു ഭാഗമായാണ് പരാമര്‍ശിച്ചിട്ടുള്ളത്.
ഈ പ്രദേശം ഒരു പ്രവിശ്യയായി മാറുന്നതോടെ ഈ ഭാഗത്തെ ഭൂമിയും മറ്റ് സ്രോതസ്സുകളും ഒട്ടും തന്നെ മടി കൂടാതെ ഉപയോഗിക്കുവാനുള്ള കൂടുതല്‍ അധികാരം പാകിസ്ഥാന് ലഭിക്കുകയാണ്. മാത്രമല്ല, ഈ മേഖലയില്‍ തങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറെ കൂടി എളുപ്പമാക്കുവാന്‍ ചൈനക്ക് ഇത് സഹായകമാകും എന്നുള്ളതും ഇക്കാര്യത്തില്‍ വളരെ വ്യക്തമാണ്.
സി പി ഇ സി യില്‍ ചൈന വന്‍ തോതില്‍ മുതല്‍ മുടക്കിയിട്ടുണ്ട്. അതിനാല്‍ ഒരു ഏറ്റുമുട്ടൽ പൊട്ടി പുറപ്പെടുന്നത് അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാകും. അതിനാല്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സുരക്ഷിതമാക്കുവാന്‍ പാകിസ്ഥാനിലൂടെ നിയമപരമായ പരിരക്ഷയാണ് ചൈന ആഗ്രഹിക്കുന്നത് എന്ന് വിദഗ്ധര്‍ വാദിക്കുന്നു. ഗില്‍ജിറ്റ്-ബാള്‍ട്ടിസ്ഥാന് മേല്‍ നിയമപരമായ സമ്പൂര്‍ണ്ണ ആധിപത്യം പാകിസ്ഥാന് ലഭിക്കുന്നതോട് കൂടി ഇത് സാധ്യമാകുകയും ചെയ്യും.
370, 35-എ വകുപ്പുകള്‍ റദ്ദാക്കിയതിനോടുള്ള പ്രതികരണമായാണ് ചൈന യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സൈനിക നീക്കങ്ങള്‍ ശക്തിപ്പെടുത്തിയത് എന്ന് വിശ്വസിക്കപ്പെടുന്നു. ഓഗസ്റ്റിന് മുന്‍പുള്ള സ്ഥിതിയാണ് ചൈനക്ക് കൂടുതല്‍ യോജിക്കുന്നത്. അതിര്‍ത്തിയിലെ കടന്നു കയറ്റങ്ങള്‍ക്ക് പുറമെ, ചൈനയുടെ താല്‍പ്പര്യപ്രകാരം അടിക്ക് അടി എന്ന നിലയില്‍ ജി ബി യിലെ ഭരണഘടനാ മാറ്റവും കൊണ്ടു വന്നത് ഓഗസ്റ്റ്-5-ലെ മാറ്റങ്ങള്‍ക്കുള്ള ഉത്തരമായിട്ടാണ് എന്ന് വേണം കണക്കാക്കാന്‍.
മാത്രമല്ല, ജി ബി യുടെ നിലവിലുള്ള അവസ്ഥയില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിനെതിരെ ഇന്ത്യ സ്വരം ഉയര്‍ത്തിയതിന് ശേഷമാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ അക്രമണോത്സുകത ശക്തിപ്പെട്ടത് എന്നുള്ള കാര്യവും ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. ബലൂചിസ്ഥാനിലെ വികടനവാദികള്‍ക്കുള്ള ഇന്ത്യ സര്‍ക്കാരിന്‍റെ പിന്തുണ പാകിസ്ഥാനെ കുപിതരാക്കിയിരുന്നു. അതിനാലാണ് യഥാര്‍ഥ നിയന്ത്രണ രേഖയിലും, നിയന്ത്രണ രേഖയിലും ഒക്കെയുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ ദിനം പ്രതി തിളച്ചു മറിയാന്‍ ആരംഭിച്ചത്.
എന്തൊക്കെയായാലും മുന്നോട്ടുള്ള വഴിയില്‍ ഈ തീരുമാനത്തോടെ ഒട്ടേറെ നഷ്ടങ്ങള്‍ സംഭവിക്കാന്‍ പോവുകയാണ് പാകിസ്ഥാന്. ഒരുപക്ഷെ ഏതാനും ചില ഹൂറിയത്ത് നേതാക്കന്മാരുടെ പിന്തുണ നില നിന്നേക്കും. കശ്മീരിനെ സംബന്ധിച്ച അവസാന തീരുമാനം ഉണ്ടാകുന്നതു വരെ ജി ബി യുടെ പദവിയില്‍ മാറ്റം വരുത്തരുത് എന്ന് പാകിസ്ഥാനോട് ഹൂറിയത്ത് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഹൂറിയത്ത് കോണ്‍ഫറന്‍സിലെ അതി തീവ്ര നിലപാടുകാരുടെ പ്രതിനിധിയായ അബ്ദുള്ള ഗീലാനി ജി ബി യെ പാകിസ്ഥാനില്‍ ലയിപ്പിക്കുന്നതിനെ എതിര്‍ത്തിരുന്നു. പാകിസ്ഥാന്‍റെ മുന്‍ സൈനിക തലവനായിരുന്ന ജനറല്‍ (റിട്ടയേര്‍ഡ്) അഷ്ഫക് കയാനിയുടെ മുന്‍പില്‍ വെച്ചു തന്നെ അദ്ദേഹം ഇത് പറഞ്ഞിട്ടുള്ളതാണ്.
പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഈ നീക്കം കൊണ്ട് വലിയ മാറ്റം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. ജി ബി യിലെ തങ്ങളുടെ പദ്ധതികള്‍ ചൈനക്ക് കൂടുതല്‍ എളുപ്പമാക്കി കൊടുക്കും എന്നുള്ളത് മാത്രമാണ് ഇതു കൊണ്ടുണ്ടാകുക. പിന്നെ മാനസികമായി ഒരു ആശ്വാസം പാകിസ്ഥാന് ലഭിച്ചേക്കും. പാക് അധീന കശ്മീരിന്‍റെ ഭാഗമെന്ന നിലയില്‍ ഗില്‍ജിറ്റ്-ബാള്‍ട്ടിസ്ഥാനെ കാണുന്നത് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച തര്‍ക്കത്തിന്‍റെ ഭാഗമായാണ്. ഈ തര്‍ക്കം പരിഹരിക്കുന്നത് വരെ അത് അങ്ങനെ തന്നെ ഇരിക്കും. അത് പാകിസ്ഥാന്‍റെ പ്രവിശ്യയായി മാറിയാലും ഇല്ലെങ്കിലും.