ന്യൂഡൽഹി: ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാധ്യമ വിഭാഗത്തില്‍ സുപ്രധാന അഴിച്ചുപണി നടത്തി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയം വക്താവായി മുതിര്‍ന്ന ഇന്ത്യൻ ഇൻഫര്‍മേഷൻ ഓഫീസര്‍ (ഐഐഎസ്) നിതിൻ ഡി.വകങ്കറെ നിയമിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) കീഴിൽ പ്രവർത്തിക്കുന്ന ഫാക്റ്റ് ചെക്ക് യൂണിറ്റിന്‍റെ ഡയറക്ടർ ജനറലായിരുന്ന വസുധ ഗുപ്‌തക്ക് പകരമായാണ് വകങ്കറെ നിയമിച്ചത്. പിഐബിയില്‍ ബ്യൂറോ ഓഫ് ഔട്ട്റീച്ച് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിന്‍റെ തലവനായി സേവനമനുഷ്‌ഠിക്കുകയായിരുന്നു വകങ്കര്‍.
1989 ബാച്ച് ഐഐഎസ് ഉദ്യോഗസ്ഥനായ വകങ്കർ സിബിഐ വക്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്‌ട്രപതിമാരായിരുന്ന എപിജെ അബ്‌ദുല്‍ കലാം, പ്രതിഭ പാട്ടീൽ എന്നിവരുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി രണ്ട് തവണ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രതിരോധ മന്ത്രാലയത്തിന്‍റെ വക്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുതിർന്ന ഐഐഎസ് ഉദ്യോഗസ്ഥനായ രാജ്‌കുമാറിനെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാധ്യമ വിഭാഗത്തിൽ അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) ആയി നിയമിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. പ്രവീൺ കാവി, അമന്ദീപ് യാദവ് എന്നിവരെയും മാധ്യമ വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചു. ഡെപ്യൂട്ടി ഡയറക്ടർ റാങ്ക് ഉദ്യോഗസ്ഥരായ വിരാട് മജ്‌ബൂറിനെ എംഎച്ച്‌എ മീഡിയ വിഭാഗത്തിൽ നിന്ന് ഓൾ ഇന്ത്യ റേഡിയോയിലേക്കും ഹരിത് ഷെലത്തിനെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക്കേഷൻ ഡിവിഷനിലേക്കും മാറ്റി.