കടബാധ്യതകള്‍ മൂലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ 14034 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 2017 ജൂണില്‍ 34,000 കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തിന് ശേഷവും 4500 ഓളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാലയളവിലെ കണക്കെടുക്കുമ്പോള്‍ അഞ്ച് വര്‍ഷത്തെ കണക്കിന്‍റെ 32 ശതമാനത്തോളം വരും. ഏറെ വാര്‍ത്താ പ്രാധാന്യമുണ്ടായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പ്രഖ്യാപനം വേണ്ട വിധത്തില്‍ ഫലം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
2015ലാണ് ഏറ്റവും അധികം ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3263 പേരാണ് ഈ വര്‍ഷം മാത്രം ആത്മഹത്യ ചെയ്തത്. 2014ല്‍ താരതമ്യേന കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2039 ആത്മഹത്യാ കേസുകളാണ് 2014ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2016ല്‍ 3052 കര്‍ഷകരും 2017ല്‍ 2919 കര്‍ഷകരും 2018ല്‍ 2762 കര്‍ഷകരും ആത്മഹത്യ ചെയ്തു.