ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികൾ ഇന്ന് നടത്താനിരുന്ന പ്രതിഷേധ റാലിക്ക് ഉപാധികളോടെ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഞായറാഴ്‌ച രാത്രി വൈകിയാണ് ഹൈക്കോടതി ഡിഎംകെ റാലിക്ക് അനുമതി നല്‍കിയത്. ഡിഎംകെയുടെ വലിയ വിജയമാണിതെന്നും നിയമം പാലിച്ചുകൊണ്ട് റാലി നടത്തുമെന്നും പാര്‍ട്ടി അധ്യക്ഷൻ എം.കെ.സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു.
അസമിലും ഉത്തര്‍പ്രദേശിലും നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡിഎംകെ റാലിക്ക് അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസുമാരായ എസ്.വൈദ്യനാഥൻ. പിടി ആശ എന്നിവരാണ് ഹര്‍ജി പരിഗണിച്ച് റാലിക്ക് അനുമതി നല്‍കിയത്. പൊതുമുതല്‍ നശിപ്പിക്കരുത്, പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കരുത്, പ്രതിഷേധം മുഴുവൻ വീഡിയോയില്‍ പകര്‍ത്തണം തുടങ്ങിയ ഉപാധികളോടെയാണ് പ്രതിഷേധ റാലിക്ക് കോടതി അനുമതി നല്‍കിയത്. ഡിഎംകെയുടെ പ്രതിഷേധ റാലിക്ക് ഘടകകക്ഷികളുടെ പിന്തുണയുമുണ്ട്.