ലഖ്‌നൗ: മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടൻ (85) അന്തരിച്ചു. അദ്ദേഹത്തിന്‍റെ മകൻ അശുതോഷ് ടണ്ടനാണ് ഇക്കാര്യം അറിയിച്ചത്. ശ്വാസതടസം, മൂത്ര തടസം, പനി എന്നിവയെ തുടര്‍ന്ന് ജൂൺ 11 മുതൽ ലഖ്‌നൗവിലെ മെഡന്‍റെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരൾ, വൃക്ക രോഗത്തെ തുടർന്ന് ശസ്‌ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്‌തിരുന്നു. പിന്നീട് ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനാൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് വൈകുന്നേരം സംസ്‌കാരം നടക്കും. ഭാര്യ കൃഷ്‌ണ ടണ്ടൻ. അശുതോഷ് ടണ്ടനടക്കം മൂന്ന് മക്കളുണ്ട്.
ഉത്തർപ്രദേശ് നിയമസഭയിലേക്ക് മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബി.ജെ.പി, ബി.എസ്പി - ബി.ജെ.പി സർക്കാരുകളിൽ മന്ത്രിയായിരുന്നു. 2009 ലഖ്‌നൗവിൽ നിന്ന് 15-ാമത് ലോക്‌സഭയിലേക്ക് 40,000 വോട്ടിന്‍റെ വ്യത്യാസത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018 ൽ ബിഹാർ ഗവർണറായി സേവനം അനുഷ്ഠിച്ചിരുന്നു.