ഭോപ്പാല്‍: ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടം അവസാനിക്കുകയും നിയന്ത്രണങ്ങളില്‍ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തതോടെ മധ്യപ്രദേശില്‍ രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കാൻ ഒരുങ്ങി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ജൂൺ 2ന് രണ്ടാംഘട്ട മന്ത്രിസഭ വികസനം നടത്താനാണ് തീരുമാനം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബിജെപി സംസ്ഥാന അധ്യക്ഷൻ വിഷ്‌ണുദത് ശർമയും നല്‍കിയ മന്ത്രിമാരുടെ പട്ടിക കേന്ദ്രം അംഗീകരിച്ചതോടെയാണ് നീക്കം. 20 മുതല്‍ 25 മന്ത്രിമാർ ചൗഹാന്‍റെ മന്ത്രിസഭയില്‍ ഇടംപിടിക്കാനാണ് സാധ്യത. മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചർച്ച നടത്താൻ ചൗഹാൻ ഇന്ന് ഡല്‍ഹിയിലെത്തും.
മുൻമന്ത്രിമാരായ പ്രഭുരം ചൗധരി, ഇമാർട്ടി ദേവി, മഹേന്ദ്ര സിങ് സിസോദിയ, പ്രദ്യുമ്ന സിങ് തോമാർ എന്നിവരടക്കം 22 പേരില്‍ പത്തോളം കോൺഗ്രസ് വിമതരെ മന്ത്രിസഭയില്‍ ഉൾപ്പെടുത്താമെന്നായിരുന്നു വാഗ്‌ദാനം. കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്ന ജോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം എത്തിയ വിമത കോൺഗ്രസ് എംഎല്‍എമാരുടെ രാജിയാണ് മൂന്ന് മാസം മുൻപ് കമല്‍നാഥ് സർക്കാരിന്‍റെ തകർച്ചയ്ക്ക് കാരണമായത്. മറ്റ് കോൺഗ്രസ് വിമതരായ ബിസാഹുലാൽ സിംഗ്, ഐഡൽ സിംഗ് കൻസാന, ഹർദീപ് സിങ് ഡാങ്, രാജ്യവർധൻ സിംഗ്, രൺവീർ ജതവ് എന്നിവരും മന്ത്രിസഭയിലേക്കുള്ള ശക്തമായ മത്സരാർത്ഥികളാണ്.
മുൻ മന്ത്രിമാരും ബിജെപി മുതിർന്ന എംഎൽഎമാരുമായ ഗോപാൽ ഭാർഗവ, ഭൂപേന്ദ്ര സിംഗ്, യശോധരാജെ സിന്ധ്യ എന്നിവരും മന്ത്രിസഭയില്‍ ഇടംപിടിക്കാൻ സാധ്യതയുണ്ട്. ജോതിരാദിത്യ സിന്ധ്യയും 22 മന്ത്രിമാരും രാജിവെച്ചതോടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വീഴുന്നത്. മാർച്ച് 20ന് കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.