ഭോപാൽ: മധ്യപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായിരുന്ന ബാലേന്ദു ശുക്ല കോൺഗ്രസിൽ ചേർന്നു. മുൻ മുഖ്യമന്ത്രി കമൽനാഥിന്‍റെ നേതൃത്വത്തിൽ ബാലേന്ദു ശുക്ല പാർട്ടിയിൽ അംഗത്വമെടുത്തു. ശുക്ലയുടേത് പാർട്ടിയിലേക്കുള്ള തിരിച്ചുവരവാണ്. എല്ലാവരും അതിനെ സ്വാഗതം ചെയ്യുന്നു. ഒരുപാട് പേർ കോൺഗ്രസിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും കമൽനാഥ് പറഞ്ഞു.
മുമ്പ് കോൺഗ്രസ് നേതാവായിരുന്ന ശുക്ല 2009ൽ ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നായിരുന്നു പാർട്ടി വിട്ടത്. പിന്നീട് സിന്ധ്യയുടെ ബിജെപി പ്രവേശത്തിലും ശുക്ല എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
സിന്ധ്യയുടെ കോൺഗ്രസിൽ നിന്നുള്ള മടങ്ങിപ്പോക്കിനെ തുടർന്ന് 22 കോൺഗ്രസ് എംഎൽഎമാരാണ് മധ്യപ്രദേശിൽ രാജിവെച്ചത്. ഇത് കമൽനാഥ് സർക്കാരിന്‍റെ പതനത്തിലേക്കും നയിച്ചു. ശുക്ലയുടെ പാർട്ടി പ്രവേശം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.