ലക്‌നൗ: കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനികാ കപൂറിന്‍റെ സുഹൃത്ത് വ്യവസായിയായ ഓജാസ് ദേശായിയെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ്. ഇതിനകം കനികയുമായി സമ്പക്കം പുലർത്തിയ 260 പേരെ ലക്‌നൗ പൊലീസ് കണ്ടെത്തി. താജ് ഹോട്ടലിൽ കനികയോടൊപ്പം പാർട്ടിയിൽ പങ്കെടുത്ത ഓജാസ് ദേശായി മാർച്ച് 16നാണ് നഗരം വിട്ടത്.
ദേശായിയെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അയാൾ കൃത്യമായി എവിടെയാണെന്ന് അറിയാൻ സാധിക്കുന്നില്ലെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നരേന്ദ്ര അഗർവാൾ പറഞ്ഞു. കനിക ചികിത്സയിലായതിനാൽ ചോദ്യം ചെയ്യാൻ കഴിയില്ല. താജ് ഹോട്ടലിലെ 11 ജീവനക്കാർ ഇപ്പോൾ നിരീക്ഷണത്തിലാണ്. കനിക താമസിച്ചിരുന്ന ഹോട്ടൽ അടച്ചുപൂട്ടി. കനികയുടെ രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവാണ്. രോഗം പൂർണമായും മാറുന്നതുവരെ ഇവർ ആശുപത്രിയിൽ കഴിയേണ്ടി വരുമെന്ന് ഡോ. ആർ.കെ ദിമാൻ അറിയിച്ചു.