മഹാരാഷ്ട്രയിലെ കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തി കിസാൻ സഭയുടെ ലോംഗ് മാർച്ച് രണ്ടാംഘട്ടം തുടങ്ങി. സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും ലോംഗ് മാര്‍ച്ചുമായി മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു കിസാന്‍ സഭയും കര്‍ഷകരും.
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കിസാന്‍ മാര്‍ച്ച് ഒഴിവാക്കുന്നതിനുള്ള അനുനയ ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാര്‍.ചുട്ടുപൊള്ളുന്ന വെയിലിനെ അതിജീവിച്ച് ആയിരക്കണക്കിന് കര്‍ഷകരാണ് കിസാന്‍ സഭയുടെ ഭാഗമായി നാസിക്കില്‍ നിന്നും മുംബൈയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. മഹാരാഷ്ട്ര സർക്കാരിന്‍റെ വാക്കാലുള്ള ഉറപ്പുകളും പിന്നീട് പൊലീസിനെ ഇറക്കിയുള്ള അനുമതി നിഷേധവും കർഷകർക്ക് മുന്നിൽ വിലപ്പോയില്ല. അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സമരം പുരോഗമിക്കുന്നത്. ഇന്നലെ രാത്രി നടന്ന അവസാനഘട്ട ചർച്ചയും പരാജയപ്പെട്ടതോടെയാണ് കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് ആരംഭിച്ചത്.