മുംബൈ: കൊവിഡ് വ്യാപനം തടയാനായി ധാരാവിയിലെ ലോക്‌ഡൗൺ ശക്‌തമാക്കി പൊലീസും ആരോഗ്യ പ്രവർത്തകരും. 2.25 ചതുരശ്ര കിലോമീറ്റർ പ്രദേശത്തുള്ള പത്ത് പ്രദേശങ്ങളോളം റെഡ് ഫ്ലാഗ് ചെയ്‌തു. ആളുകളുടെ സഞ്ചാരം പൂർണമായും നിയന്ത്രിച്ച് ഫാർമസികൾ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചു. അതേ സമയം അവശ്യവസ്‌തുക്കൾ വീടുകൾതോറും എത്തിക്കുന്നതിനുള്ള പദ്ധതി ആരംഭിക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.
അതേ സമയം ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയും വിദ്യഭ്യാസ മന്ത്രി വർഷ ഗെയ്ക്വാഡും ധാരാവിയിലെ ആശുപത്രിയും ക്വറന്‍റൈൻ സംവിധാനവും സന്ദർശിച്ചു. പ്രദേശത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആശുപത്രികളിൽ കൂടുതൽ വെന്‍റിലേറ്റർ സൗകര്യമൊരുക്കണമെന്നും ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗെയ്ക്‌വാദ് പറഞ്ഞു. ധാരാവിയിൽ രണ്ട് കൊവിഡ് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.