ന്യൂഡൽഹി: ലോക് ഡൗണിന് ഇടയിലും പഴം, പച്ചക്കറി മാർക്കറ്റായ ഒഖ്‌ല പതിവ് പോലെ ശനിയാഴ്ചയും പ്രവർത്തിച്ചു. സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങൾ സ്വീകരിച്ചാണ് കച്ചവടം. വൈറസ് ബാധ തടയുന്നതിനായി മാസ്കുകൾ ധരിച്ചാണ് എല്ലാവരും മാർക്കറ്റിൽ എത്തുന്നത്. കച്ചവടക്കാരും മാക്സ് ഉപയോഗിക്കുന്നുണ്ട്. നിയന്ത്രിത പ്രവേശനം ഉറപ്പാക്കുന്നതിന് മാർക്കറ്റ് എൻട്രി പോയിന്റുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും പൊലീസുകാർ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. നഗരം ലോക് ഡൗണിലാണെങ്കിലും പഴവും പച്ചക്കറികളും ഈ മാർക്കറ്റിൽ നിന്നും ലഭിക്കും.
കൊവിഡ് 19 വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക് ഡൗണാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയിൽ ഇതുവരെ 2,547 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതിൽ 2,322 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. 163 പേർക്ക് രോഗം ഭേദമായി. 62 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.