ന്യൂഡൽഹി: രാജ്യവ്യാപകമായി നിലനിൽക്കുന്ന ലോക്ക് ഡൗണിന്‍റെ മൂന്നാം ഘട്ടം തിങ്കളാഴ്‌ച ആരംഭിക്കും. ഗണ്യമായ ഇളവുകളോടെയാണ് മൂന്നാം ഘട്ടം ആരംഭിക്കുന്നത്. എന്നാൽ നിയന്ത്രണ മേഖലകളിൽ ഇളവുകള്‍ അനുവദിക്കില്ല. അതിനാൽ കൊവിഡ് -19 നെതിരായ പോരാട്ടത്തിൽ ഇതുവരെ നേടിയ നേട്ടങ്ങൾ തകർക്കപ്പെടില്ലെന്ന് അധികൃതർ അറിയിച്ചു. മൂന്നാംഘട്ട ലോക്ക് ഡൗണ്‍ മെയ് 17 വരെ നീണ്ടുനിൽക്കും. കൊറോണ വൈറസ് റിസ്ക്-പ്രൊഫൈലിംഗ് അടിസ്ഥാനമാക്കി രാജ്യം റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, മേഖലകൾ പരിഗണിക്കാതെ രാജ്യത്തുടനീളം എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചിരിക്കുകയാണ്. വായു, റെയിൽ, മെട്രോ, റോഡ് വഴി അന്തർ സംസ്ഥാനങ്ങളിലെക്കുള്ള പ്രവേശനം, സ്കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ എന്നിവയുടെ സേവനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കില്ല.
വലിയ പൊതുസമ്മേളനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ - സിനിമാ ഹാളുകൾ, മാളുകൾ, ജിംനേഷ്യം, കായിക സമുച്ചയങ്ങൾ - സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ഒത്തുചേരലുകൾ, മതപരമായ ചടങ്ങുകൾ, ആരാധനാലയങ്ങളിലെ ചടങ്ങുകൾ എന്നിവ നിരോധിത പട്ടികയിലുണ്ട്. എന്നിരുന്നാലും, രാവിലെ 7 നും വൈകിട്ട് 7 നും ഇടയിൽ എല്ലാ മേഖലകളിലും അത്യാവശ്യ കാര്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. എന്നാല്‍ ഈ ഇളവ് റെഡ് സോണ്‍ മേഖലകളില്‍ ഉണ്ടായിരിക്കില്ല.
ഗ്രീൻ, ഓറഞ്ച് സോണുകളിൽ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ, അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ വിൽപ്പന ശാലകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ എന്നിവ തുറക്കാൻ അനുവദിക്കും. മാർക്കറ്റുകളിലോ മാളുകളിലോ അല്ലാതെ എല്ലാ സോണുകളിലും, നിയന്ത്രിത മേഖല ഒഴികെ, വ്യവസ്ഥകളോടെ മദ്യം വിൽക്കാൻ അനുവദിക്കും. ലോക്ക് ഡൗണിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ മദ്യം, ബാർബർ ഷോപ്പുകൾ, സലൂണുകൾ എന്നിവയുടെ വിൽപ്പന അനുവദനീയമായിരുന്നില്ല.
എല്ലാ മേഖലകളിലും, 65 വയസ്സിന് മുകളിലുള്ളവർ, ആരോഗ്യപരമായ അവസ്ഥയുള്ളവർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ അത്യാവശ്യവും ആരോഗ്യപരവുമായ ആവശ്യങ്ങൾ ഒഴികെ പുറത്തിറങ്ങാൻ പാടില്ല. തെരഞ്ഞെടുത്ത ആവശ്യങ്ങൾക്കായി ജനങ്ങൾക്കായി വായു, റെയിൽ, റോഡ് വഴിയുള്ള സഞ്ചാരം അനുവദിച്ചിട്ടുണ്ട്. നിയന്ത്രണ പ്രദേശങ്ങളിൽ ആളുകളുടെ സഞ്ചാരം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഇവർക്ക് ആവശ്യമായ സാധനങ്ങൾ അധികൃതർ വീടുകളിൽ എത്തിച്ച് നൽകും.
അനുവദനീയമായ പ്രവർത്തനങ്ങളുടെ പട്ടികയിൽ ഇനിപ്പറയുന്നവയും ഉൾപ്പെടുന്നു: സാമൂഹിക അകല മാനദണ്ഡങ്ങളും മറ്റ് മുൻകരുതലുകളും സ്വീകരിച്ച് എല്ലാ മേഖലകളിലെയും ഒപിഡികളും ക്ലിനിക്കുകളും പ്രവർത്തിക്കും. എന്നിരുന്നാലും, നിയന്ത്രിത പ്രദേശങ്ങളിൽ ഇവ അനുവദിക്കില്ല. എല്ലാ ചരക്ക് ഗതാഗതവും അനുവദനീയമാണ്, കൂടാതെ അയൽരാജ്യങ്ങളുമായുള്ള ഉടമ്പടി പ്രകാരം കര അതിർത്തി കടന്നുള്ള കച്ചവടത്തിന് തടസം നേരിടില്ല.
റെഡ് സോണുകളിൽ (നിയന്ത്രിത ഏരിയകൾക്ക് പുറത്ത്) സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും, ടാക്‌സികളും ക്യാബുകളും ഓടിക്കുന്നത്, ജില്ലകൾക്ക് അകത്തും പുറത്തുമായി സർവീസുകൾ നടത്തുന്ന ബസുകൾ, ബാർബർ ഷോപ്പുകൾ, സ്പാകൾ, സലൂണുകൾ തുടങ്ങിയ ചില അധിക പ്രവർത്തനങ്ങൾ നിരോധിച്ചു.
റെഡ് സോണുകളിൽ, ഇ-കൊമേഴ്‌സ് കമ്പനികൾക്ക് അവശ്യവസ്തുക്കൾ മാത്രം വിൽക്കാൻ അനുവാദമുണ്ട്. ബാർബർ ഷോപ്പുകളും സലൂണുകളും തുറക്കാൻ അനുവാദമില്ല. എല്ലാ മദ്യവിൽപ്പന ശാലകളിലും, ഉപഭോക്താക്കൾ കുറഞ്ഞത് ആറടി ആകലം പാലിക്കേണ്ടതുണ്ട്. കൂടാതെ ഒരു സമയം അഞ്ചിൽ കൂടുതൽ ആളുകളെ കടകളിൽ അനുവദിക്കില്ല.
സ്‌പെഷ്യൽ ഇക്കണോമിക് സോണുകൾ (സെസ്), എക്‌സ്‌പോർട്ട് യൂണിറ്റുകൾ (ഇ.യു), വ്യാവസായിക എസ്റ്റേറ്റുകൾ, ആക്‌സസ്സ് നിയന്ത്രണമുള്ള വ്യാവസായിക ടൗൺഷിപ്പുകൾ എന്നിവ പോലുള്ള നഗര മേഖലകളിലെ വ്യാവസായിക സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ എല്ലാ മേഖലകളിലും അനുവദനീയമാണ്.
സ്വകാര്യ ഓഫീസുകൾക്ക് റെഡ് സോണുകളിൽ 33 ശതമാനം പേരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാൻ കഴിയും. ഓറഞ്ച് സോണുകളിൽ, റെഡ് സോണിലും (നിയന്ത്രിത പ്രദേശത്തിന് പുറത്ത്) ടാക്‌സി, ക്യാബ് അഗ്രഗേറ്ററുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ അനുവദനീയമാണ്.
ഗ്രീൻ സോണുകളിൽ, സോൺ പരിഗണിക്കാതെ രാജ്യമെമ്പാടും നിരോധിച്ചിരിക്കുന്നവ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും അനുവദനീയമാണ്. എന്നിരുന്നാലും, 50 ശതമാനം ആളുകളുമായാണ് ബസുകൾ പ്രവർത്തിപ്പിക്കാവാവുക.
ഇതുവരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ കഴിഞ്ഞ 21 ദിവസമായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലോ ഒരു ജില്ല 'ഗ്രീൻ' സോണായി പരിഗണിക്കപ്പെടുന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച വരെ 130 റെഡ് സോണുകളാണ് രാജ്യത്തുള്ളത്.
നഗരമേഖലയിൽ നിയന്ത്രണ മേഖലയ്ക്ക് പുറത്ത് (നിയന്ത്രണങ്ങളോടെ) അനുവദനീയമായ മറ്റ് പ്രവർത്തനങ്ങൾ ഇവയാണ്: അവശ്യവസ്തുക്കളായ മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, അവയുടെ വിതരണ ശൃംഖല എന്നിവയുടെ നിർമ്മാണം, ഐടി ഹാർഡ്‌വെയർ നിർമ്മാണം, ചണ വ്യവസായം, നിർമ്മാണം (തൊഴിലാളികൾ സൈറ്റിൽ താമസിക്കുന്നെങ്കിൽ മാത്രം).
ഗ്രാമപ്രദേശങ്ങളിൽ വ്യാവസായിക നിർമ്മാണ പ്രവർത്തനങ്ങൾ, കൃഷി, മൃഗസംരക്ഷണം, തോട്ടം, ബാങ്കുകൾ, എൻബിഎഫ്‌സി, കൊറിയർ, തപാൽ സേവനങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക മേഖല, മീഡിയ, ബാർബർമാരൊഴികെ സ്വയം തൊഴിൽ ചെയ്യുന്നവരുടെ സ്ഥാപനങ്ങൾ. ഐടി, ഐടിഇഎസ്, വെയർഹൗസ് സേവനങ്ങൾ അനുവദിക്കും.
സംസ്ഥാനങ്ങൾക്ക് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ വരുത്താം.