പട്‌ന: ബിജെപി നല്‍കാന്‍ തയ്യാറായതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യമായതിനാലാണ് എല്‍ജെപി, എന്‍ഡിഎ വിട്ടതെന്ന് സുശീല്‍ കുമാര്‍ മോദി. എല്‍ജെപി വോട്ട് വിഭജന പാര്‍ട്ടിയാണെന്നും ബിഹാറില്‍ ഒരു ബിജെപി സര്‍ക്കാറിനെ എല്‍ജെപി ആഗ്രഹിക്കുന്നില്ലെന്നും ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു. ഇപ്പോള്‍ എല്‍ജെപിയുടെ ചില നേതാക്കള്‍ അഭ്യൂഹങ്ങള്‍ പരത്തുന്നു. പ്രധാനമന്ത്രിയും അമിത് ഷായും എല്‍ജെപി മുന്നണി വിടുമ്പോള്‍ തടയാഞ്ഞതെന്തേയെന്നും ഇവര്‍ ചോദിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇവര്‍ ആരാണെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു. മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെ എല്‍ജെപി എതിര്‍ക്കുന്നുവെങ്കില്‍ അതിനര്‍ഥം ഇവര്‍ പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും എതിരാണെന്നും സുശീല്‍ കുമാര്‍ മോദി ചൂണ്ടിക്കാണിച്ചു. ഒരു വശത്ത് എല്‍ജെപി മോദിയെ പ്രശംസിക്കുകയും മറുവശത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎ മുന്നണി വിട്ട എല്‍ജെപി ജെഡിയു മല്‍സരിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 28ന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 27 സീറ്റുകളില്‍ ലോക് ജനശക്തി പാര്‍ട്ടി(എല്‍ജെപി) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍ നിയമസഭയിലെ 243 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ഒക്‌ടോബര്‍ 28, നവംബര്‍ 3,7 തീയതികളിലാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ 10നാണ് വോട്ടെണ്ണല്‍ നിശ്ചയിച്ചിരിക്കുന്നത്.