ന്യൂഡൽഹി: ജൂലൈ മുതൽ വെർച്വൽ കോടതി വിചാരണ അവസാനിപ്പിക്കണമെന്ന് അഭിഭാഷകരുടെ സംഘടന സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷനാണ് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയെയും മറ്റ് സുപ്രീം കോടതി ജഡ്‌ജിമാരെയും ആവശ്യവുമായി സമീപിച്ചത്. വെർച്വൽ വിചാരണകളിലൂടെ കേസുകൾ ഫലപ്രദമായി അവതരിപ്പിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി അഭിഭാഷകർ ചൂണ്ടിക്കാട്ടി.
കൊവിഡ് മൂലം മാർച്ച് 25 മുതൽ കോടതി പ്രവർത്തനങ്ങളിൽ നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോൾ വീഡിയോ കോൺഫറൻസിംഗിലൂടെ മാത്രമാണ് കേസുകൾ കൈകാര്യം ചെയ്യുന്നത്. 95 ശതമാനം അഭിഭാഷകരും വെർച്വൽ കോടതി വിചാരണയിൽ തൃപ്‌തരല്ലെന്നാണ് അഭിഭാഷകർ കോടതിയെ അറിയിച്ചത്. പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ജൂലൈ മുതൽ വിചാരണ സാധാരണ രീതിയിൽ പുനരാരംഭിക്കണമെന്ന് അഭിഭാഷകരുടെ സംഘടന സുപ്രീംകോടതിക്ക് കത്തെഴുതി. വിചാരണ നടത്തുമ്പോഴുണ്ടാകുന്ന ഓഡിയോ, വീഡിയോ തടസങ്ങൾ വിചാരണയെ ബാധിക്കാറുണ്ടെന്നും, ഇതുമൂലം അഭിഭാഷകർക്ക് അവരുടെ വാദങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻ കഴിയുന്നില്ലെന്നും ബാർ അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.
കോടതികളുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതുമൂലം മിക്ക അഭിഭാഷകരും ഈ സമയത്ത് കടുത്ത സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും കത്തിൽ പറയുന്നു. അന്യായക്കാരന്‍, ഇന്‍റേണുകൾ, നിയമ വിദ്യാർഥികൾ എന്നിവരുടെ കോടതി പ്രവേശനം തൽക്കാലം പരിമിതപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾക്ക് അഭിഭാഷക സമിതിക്ക് എതിർപ്പില്ലെന്നും കോടതിമുറിക്കുള്ളിലും പരിസരത്തും അഭിഭാഷകർ മാസ്‌ക് ധരിക്കണമെന്ന നിർദേശം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. പുതിയ ഇ-ഫയലിംഗ് മൊഡ്യൂൾ സോഫ്‌റ്റ്‌വെയർ സംവിധാനങ്ങൾ അഭിഭാഷകരുടെ വ്യക്തിഗത സേവനത്തിനുള്ള സമയം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്നുണ്ടെന്നും സംഘടന പറഞ്ഞു.