ഉത്തർപ്രദേശ്: ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ് കുംഭമേള. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന തീർത്ഥാടകരുടെ സംഗമമാണിത്. ഈ വർഷം ജനുവരി 14 മുതല്‍ ഹരിദ്വാറില്‍ ആരംഭിച്ചിരിക്കുന്ന കുംഭമേള ഹിന്ദു മത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്. തങ്ങളുടെ പാപങ്ങൾ കഴുകി കളയാനായി ഹരിദ്വാറിൽ എത്തുന്ന ഭക്തർ ആഘോഷ പൂർവം കൊണ്ടാടുന്ന ഒരു മഹാഉത്സവമാണ് കുംഭമേള. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷകണക്കിനു പേരാണ് ഹരിദ്വാറില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഉത്സവങ്ങളില്‍ ഒന്നായി കുംഭമേളയെ കണക്കാക്കുന്നുണ്ട്.
കൊവിഡ് മഹാമാരിമൂലം തുടരുന്ന നിയന്ത്രണങ്ങൾ കാരണം ഇത്തവണത്തെ കുഭമേളയുടെ പകിട്ടും മങ്ങുകയാണ്. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി മുൻ വർഷങ്ങളിലേതുപോലെ ലക്ഷക്കണക്കിന് ഭക്തർ ഒഴുകി എത്തുക എന്നത് ഇത്തവണ ആസാധ്യമാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ശാന്തികുഞ്ജിലെ ഗായത്രി കുടുംബം ബദല്‍ പരിപാടികള്‍ ഒരുക്കുന്നത്. ഹരിദ്വാറിൽ എത്തിച്ചേരാൻ കഴിയാത്തവർക്ക് കുംഭമേളയില്‍ പങ്കെടുക്കുന്ന അനുഭവം സൃഷ്ടിക്കുന്നതിനായി "ആപ്‌കേ ദ്വാര്‍ പഹുംചാ ഹരിദ്വാര്‍''(നിങ്ങള്‍ക്ക് വേണ്ടി ഹരിദ്വാറിലെത്തിയിരിക്കുന്നു) എന്നൊരു പ്രചാരണ പരിപാടിക്കാണ് ഈ സംഘം തുടക്കം കുറിച്ചിരിക്കുന്നത്.
ഹിന്ദു വിശ്വാസികളുടെ വീടുകളില്‍ ഗംഗാമാതാവ് നേരിട്ട് ചെന്നെത്തുന്ന ചരിത്രത്തിലെ ആദ്യ അനുഭവമായിരിക്കും ഇതെന്ന് സംഘാടകര്‍ പറയുന്നു. ഗംഗാജലവും വേദ മാതാ ഗായത്രിയുടെ ചിത്രവും യുഗ സാഹിത്യവും 10 ലക്ഷത്തിലധികം വീടുകളില്‍ എത്തിക്കുക എന്നതാണ് സംഘാടകരുടെ ലക്ഷ്യമെന്ന് ശാന്തികുഞ്ജിലെ ഡോക്ടര്‍ ഗോപാല്‍ കൃഷ്ണ ശര്‍മ്മ പറയുന്നു. ഇത്തവണ കുംഭമേളയോടൊപ്പം ഗായത്രീ തീര്‍ഥ ശാന്തികുഞ്ജ് എന്ന സ്ഥാപനത്തിന്റെ 50-ആം വാര്‍ഷികവും ആഘോഷിക്കുന്നുണ്ട്. ഈ ശുഭ മുഹൂര്‍ത്തം ലക്ഷക്കണക്കിന് വരുന്ന ഭക്തർ വലിയ ആഘോഷമാക്കി മാറ്റേണ്ടതായിരുന്നു. എന്തായാലും കൊവിഡ് പ്രതിസന്ധിയില്‍ ഹരിദ്വാറിൽ എത്താൻ കഴിയാത്ത ഭക്തർക്ക് കുംഭമേളയില്‍ എത്തിയ അതേ അനുഭവം നൽകാൻ ബദല്‍ പരിപാടി കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.