ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ ഉപദേശക സമിതിയിലേക്ക് തെരഞ്ഞെടുത്തു. പ്രത്യേക വിഷയങ്ങളില്‍ ആവശ്യമെങ്കില്‍ ധനകാര്യ കമ്മിഷന് ഉപദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 2018 ഏപ്രിലില്‍ ആണ് ഉപദേശക സമിതിക്ക് രൂപം നല്‍കിയത്. കൂടാതെ കമ്മീഷന്‍ നടത്തുന്ന പഠനങ്ങള്‍ക്കും സര്‍വ്വേകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുക എന്ന കര്‍ത്തവ്യവും ഉപദേശക സമിതിക്ക് ഉണ്ട്. നിലവില്‍ പിനാകി ചക്രവര്‍ത്തി, സുര്‍ജിത്ത് ബല്ല, അരവിന്ദ് വീര്‍മാണി, ഇന്ദിര രാജമാന്‍ എന്നിവര്‍ ഉള്‍പ്പെടെ പന്ത്രണ്ട് അംഗങ്ങളാണ് സമിതിയില്‍ ഉള്ളത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. 2018 ഡിസംബറില്‍ ഹൈദരാബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസിന്‍റെ തലവനായും ഗവണ്‍മെന്‍റ് ഇദ്ദേഹത്തെ നിയമിച്ചിരുന്നു.