മിര്‍സാപൂര്‍ (ഉത്തര്‍പ്രദേശ്): ഉച്ചഭക്ഷണത്തിന് പകരം കുട്ടികള്‍ക്ക് റൊട്ടിയും ഉപ്പും നല്‍കിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന സംഭവം ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്. ഹിനൗത ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സിയൂര്‍ എല്‍പി സ്‌കൂളിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ജില്ലാ മജിസ്ട്രേറ്റ് അനുരാഗ് പാട്ടീല്‍ നടപടിയെടുത്തത്. സ്‌കൂളിലെ അധ്യാപികയായ പ്രീമ ഫാസി, ഗ്രാമപഞ്ചായത്ത് സൂപ്പര്‍വൈസറും എന്‍പിആര്‍സി ഉദ്യോഗസ്ഥനുമായ അരവിന്ദ് ത്രിപാഠി എന്നിവരെയാണ് സസ്‌പെന്‍റ് ചെയ്‌തത്. ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ), ഡെപ്യൂട്ടി ബിഎസ്എ എന്നിവരോട് വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അനുരാഗ് പാട്ടീല്‍ പറഞ്ഞു.
കുട്ടികള്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് റൊട്ടിയും ഉപ്പും കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇടിവി ഭാരത് വാര്‍ത്ത നല്‍കി. മിക്ക ദിവസങ്ങളിലും കുട്ടികള്‍ക്ക് റൊട്ടിയോ ധാന്യങ്ങള്‍ പുഴുങ്ങിയതോ ആണ് നല്‍കാറുള്ളത്. ഇതിനൊപ്പം ഉപ്പ് കൂടി നല്‍കും. കഴിഞ്ഞ വര്‍ഷങ്ങളിലും സ്ഥിതി ഇതുതന്നെ ആയിരുന്നു എന്ന് സ്‌കൂളിലെ വിദ്യാര്‍ഥിയുടെ പിതാവ് അശോക് ഇടിവിയോട് പറഞ്ഞു. പാലും പഴവുമെല്ലാം വല്ലപ്പോഴും മാത്രമാണ് നല്‍കാറുള്ളത്. രാജ്യത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഉച്ചഭക്ഷണ കമ്മിറ്റി കൃത്യമായ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. പയറു വര്‍ഗ്ഗങ്ങള്‍ ധാന്യങ്ങള്‍ പഴങ്ങള്‍ പച്ചക്കറികള്‍ പാല് എന്നിവ ചേര്‍ത്താണ് പട്ടിക നിര്‍മിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 1.5 ലക്ഷം സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് പ്രതികരച്ചു. വര്‍ഷത്തില്‍ 200 ദിവസം കുട്ടികള്‍ക്ക് ഇത്തരത്തില്‍ ഭക്ഷണം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.