ന്യൂഡൽഹി: മോഹൻ ഗാർഡനിൽ വെച്ച് ഒരാളെ തട്ടിക്കൊണ്ടുപോയ സംഘത്തെ ഏഴ് മിനിറ്റിനുള്ളിൽ ഡല്‍ഹി പൊലീസ് പിടികൂടി. ഷിംല സ്വദേശിയായ റിജ്‌വാളിനെയാണ് തട്ടിക്കൊണ്ട് പോയി ഏഴു മിനിറ്റിനുള്ളിൽ പൊലീസ് രക്ഷപെടുത്തിയത്. ജനക്‌പുരിയില്‍ നിന്ന് നാല് പേർ അടങ്ങുന്ന സംഘം തന്‍റെ സഹോദരനെ തട്ടിക്കൊണ്ടുപോയതായും കാറിൽ "ഹൈ ലാൻഡർ" എന്ന് എഴുതിയിട്ടുണ്ടെന്നും ഇയാളുടെ സഹോദരൻ പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കൺട്രോൾ റൂം ഉദ്യോഗസ്ഥർ ഉടൻ തന്നെ നടപടിയെടുക്കുകയും ഉത്തർ പ്രദേശിൽ ട്രാഫിക്ക് സിഗ്നലിൽ കാർ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിക്കുകയായിരുന്നു. പൊലീസ് പിൻതുടരുന്നതറിഞ്ഞ സംഘത്തിലെ മൂന്ന് പേർ രക്ഷപ്പെട്ടെങ്കിലും ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
റിജ്‌വാളിന്‍റെ കാറും തട്ടിക്കൊണ്ടുപോയവർ കൊള്ളയടിച്ച 1,650 രൂപയും പൊലീസ് കണ്ടെടുത്തു. ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.