കോളാര്‍: കെജിഎഫ് (കോളാര്‍ ഗോള്‍ഡ് മൈൻ) പൊലീസും എക്‌സൈസും കൃഷ്‌ണഗിരി ലൈനില്‍ നടത്തിയ സംയുക്ത നീക്കത്തില്‍ വൻ കഞ്ചാവ് വേട്ട. 15 ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ 415 കിലോ കഞ്ചാവ് പിടികൂടി. മാരിക്കുപ്പത്തില്‍ നടത്തിയ റെയ്‌ഡില്‍ 229 കിലോ കഞ്ചാവാണ് പിടിച്ചത്. മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു കഞ്ചാവ്. ഇവിടെ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടികൂടിയ കഞ്ചാവിന് ഒരു കോടി രൂപ വിലമതിക്കും.
15 ദിവസം മുമ്പ് ഇവിടെ നടത്തിയ പരിശോധനയില്‍ 186 കിലോ കഞ്ചാവ് പിടിച്ചിരുന്നു. കുപ്രസിദ്ധ കുറ്റവാളിയായ തങ്കം, പൊലീസ് എൻകൗണ്ടറില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് കഞ്ചാവ് ലോബിയുടെ മുഖ്യ താവളമായിരുന്നു കെജിഎഫ്. നിലവില്‍ ജോസഫ്, പല്ലരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടങ്ങളില്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നും ഇവരെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.