ന്യൂഡൽഹി: സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാരത്തിൽ ഒന്നാമതായി കേരളം. നീതി ആയോഗ്, മാനവ വിഭവശേഷി മന്ത്രാലയം, ലോക ബാങ്ക് എന്നിവ സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് 20 വലിയ സംസ്ഥാനങ്ങൾക്കിടയിൽ ഒന്നാമനായി കേരളമെത്തിയത്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശ് പട്ടികയിൽ അവസാനമാണ്. രാജസ്ഥാനും കർണാടകയും കേരളത്തിന് തൊട്ടുപിന്നിലായുണ്ട്.
'ദി സക്സസ്സ് ഓഫ് ഔർ സ്‌കൂൾസ്- സ്‌കൂൾ എജ്യൂക്കേഷൻ ക്വാലിറ്റി ഇൻഡക്‌സ്' (എസ്സ്ഇക്യുഐ) റിപ്പോർട്ടിലാണ് 2016-17 കാലയളവിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.
എട്ട് ചെറിയ സംസ്ഥാനങ്ങളിൽ മണിപ്പൂരും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളിൽ ചണ്ഡീഗഡും ഒന്നാം സ്ഥാനത്തെത്തി. 2015-16 നും 2016-17 നും ഇടയിൽ ഹരിയാന, അസം, ഉത്തർപ്രദേശ്, ഒഡീഷ, ഗുജറാത്ത് ഉൾപ്പടെയുള്ള 18 വലിയ സംസ്ഥാനങ്ങൾ മികച്ച മുന്നേറ്റം കാഴ്‌ചവച്ചു. പഠനം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ 30 സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അവരുടെ ശക്തിയും ബലഹീനതയും തിരിച്ചറിഞ്ഞ് അതിനനുസൃതമായി നയപരമായ ഇടപെടലുകൾക്കും മാറ്റങ്ങൾക്കും നീതി ആയോഗിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയ സൂചിക ഉപയോഗപ്രദമാകും. എന്നാൽ അടിസ്ഥാന സൗകര്യങ്ങളിലും വിദ്യാഭ്യാസ നിലവാരത്തിലും കൂടുതൽ ശ്രദ്ധയും പ്രവർത്തനങ്ങളും ആവശ്യമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.