ന്യൂഡല്‍ഹി: കൊവിഡ് ചികിത്സക്കായി രാജ്യത്തെ ആദ്യ പ്ലാസ്‌മ ബാങ്ക് ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീഡിയോ കോൺഫറൻസ് വഴി പ്ലാസ്‌മ ബാങ്കിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. കൊവിഡില്‍ നിന്ന് മുക്തി നേടിയവര്‍ പുതിയ രോഗികളുടെ ചികിത്സക്കായി പ്ലാസ്‌മ സംഭാവന ചെയ്യാൻ മുന്നോട്ട് വരണമെന്ന് കെജ്‌രിവാൾ അഭ്യര്‍ഥിച്ചു. പ്ലാസ്‌മ ദാനം ചെയ്യാനായി പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഹെൽപ്പ്ലൈൻ നമ്പറും അദ്ദേഹം പ്രഖ്യാപിച്ചു. 1031 എന്ന നമ്പറിലേക്ക് നേരിട്ടോ 8800007722 എന്ന നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് മുഖേനയോ താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം.
കൊവിഡ് ഭേദമായി 14 ദിവസം പൂർത്തിയാക്കിയവര്‍ക്ക് പ്ലാസ്‌മ ദാനം ചെയ്യാൻ കഴിയും. 18നും 60നും ഇടയില്‍ പ്രായമുള്ള, 50 കിലോയിലധികം ഭാരമുള്ളവരായിരിക്കണം. മറ്റ് അസുഖങ്ങളുള്ളവര്‍, കാന്‍സര്‍ രോഗത്തില്‍ നിന്ന് മുക്തി നേടിയവര്‍, ഹൃദയ സംബന്ധമോ കരള്‍ സംബന്ധമോ ആയ അസുഖങ്ങളുള്ളവര്‍, പ്രസവിച്ച സ്ത്രീകള്‍ എന്നിവരെ പ്ലാസ്‌മ ബാങ്കിലേക്ക് ദാതാക്കളായി പരിഗണിക്കില്ല. കൊവിഡ് ഭേദമായവര്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള അപൂര്‍വ അവസരമായി കണ്ട് പ്ലാസ്‌മ ദാനം ചെയ്യാന്‍ മുന്നോട്ട് വരണമെന്നും കെജ്‌രവാൾ അഭ്യര്‍ഥിച്ചു. കൊവിഡിന് പ്രതിരോധ മരുന്ന് കണ്ടുംപിടിക്കും വരെ പ്ലാസ്‌മ തെറാപ്പി സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.