ന്യൂഡൽഹി: അടുത്ത പത്ത് വർഷത്തിനുള്ളിൽ കശ്മീർ വികസിത സംസ്ഥാനങ്ങളുടെ പട്ടികയിൽ വരുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹി-കത്ര പാതയിലെ അതിവേഗ തീവണ്ടി സർവീസായ വന്ദേ ഭാരത് എക്സ്‌പ്രസ് ഉദ്ഘാടനം ചെയ്ത ശേഷമാണ് അമിത് ഷായുടെ പ്രഖ്യാപനം. ആർട്ടിക്കിൾ 370 രാജ്യത്തിന്‍റെ ഏകത്വത്തിനും കശ്മീരിന്‍റെ വികസനത്തിനും ഒരു പോലെ തടസമായിരുന്നെന്നും ആർട്ടിക്കിൾ 370 ഇല്ലാതായതോടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കശ്മീരും ഇന്ത്യയുടെ ഭാഗമായെന്നും അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 ഇല്ലാതായതോടെ കശ്മീരിൽ നിന്നും ഭീകരവാദത്തെ ഉന്മൂലനം ചെയ്യാനും ഭീകരവാദ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുവാനും സാധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിർമിച്ച വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത ജനതയ്ക്ക് നൽകുന്ന സമ്മാനമാണെന്നും അമിത് ഷാ പറഞ്ഞു. അടുത്ത 10 വര്‍ഷത്തിനുള്ളിൽ ജമ്മു കശ്മീര്‍ രാജ്യത്തെ ഏറ്റവും വികസിതമായ പ്രദേശങ്ങളിലൊന്നായിരിക്കുമെന്നും ഈ വികസനത്തിന് വന്ദേ ഭാരത് എക്സ്പ്രസിന്‍റെ വരവോടെ തുടക്കമായെന്നും അമിത് ഷാ വ്യക്തമാക്കി. വന്ദേ ഭാരത് എക്സ്പ്രസിന്‍റെ വരവ് പ്രദേശത്തിന്‍റെ വളര്‍ച്ചയെ സഹായിക്കുമെന്നും കശ്മീരിലെ തീര്‍ഥാടന ടൂറിസം ഇതിലൂടെ വര്‍ധിക്കുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഹിന്ദു ദേവാലയമായ വൈഷ്ണോ ദേവിയിലേക്കുള്ള യാത്രക്ക് സൗകര്യമൊരുക്കുന്ന വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ബുക്കിംഗ് ഒക്ടോബർ അഞ്ചിന് ആരംഭിക്കും.