ശ്രീനഗർ: ഭൂമിയിലെ യഥാർത്ഥ പറുദീസ ജമ്മു കശ്‌മീരാണെന്ന് കേന്ദ്ര നിയമമന്ത്രി ജസ്റ്റിസ് രവിശങ്കർ പ്രസാദ്. കശ്‌മീരിൽ സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും പുതിയ നാളുകൾക്ക് തുടക്കം കുറിക്കുമെന്നും സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്‌മീരിന്‍റെ വടക്കൻ മേഖലയായ ബാരാമുള്ള നഗരത്തിൽ വെള്ളിയാഴ്‌ച നടത്തിയ സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്‌മീരിലെ എല്ലാ മേഖലകളിലും വികസനപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണ്. സാമ്പത്തിക മേഖലകളായ തോട്ടം, കൃഷി, വിനോദസഞ്ചാരം എന്നിവ ആധുനിക രീതിയിൽ വികസിപ്പിക്കും. വികസന ആശങ്കകളുമായി ബന്ധപ്പെട്ട് പുരോഗമനപരമായ ആശയങ്ങൾ പങ്കുവെക്കാൻ അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. ബാരാമുള്ളയിലെ പ്രധാന വിനോദസഞ്ചാര മേഖലയാണ് സോപോർ. ആപ്പിൾ തോട്ടം കൂടുതലായുള്ള ഈ മേഖല ജമ്മു കശ്‌മീരിന്‍റെ സാമൂഹിക, സാമ്പത്തിക മേഖല മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. സോപോരിലെ യുവജനങ്ങൾക്ക് കായിക മേഖലയിലെ മികവ് തെളിയിക്കുന്നതിനായി സ്‌പോർട്‌സ് ഇൻഡോർ സ്റ്റേഡിയം ഉടൻ നിർമിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
താഴേക്കിടയിലുള്ള ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ ബ്ലോക്ക് വികസന കൗൺസിലുകളുടെയും (ബിഡിസി) പഞ്ചായത്ത്‌രാജ് സ്ഥാപനങ്ങളുടെയും (പിആർഐ) പങ്ക് അഭിനന്ദിച്ച കേന്ദ്രമന്ത്രി 73, 74 എന്നീ ഭേദഗതികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ഫലപ്രദമായി നടപ്പാക്കുമെന്നും വ്യക്തമാക്കി.