കർണാടക: കർണാടകയിൽ രാഷ്ട്രീയ നാടകം തുടരുന്നു. കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനേയും കോൺഗ്രസ് നേതാക്കളേയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു. ഡികെ ശിവകുമാർ ബംഗലുരുവിലേക്ക് മടങ്ങുന്നു. പൊലീസ് സംരക്ഷണയിൽ ശിവകുമാർ വിമാനത്താവളത്തിൽ എത്തി. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശിവകുമാറിന് രക്തസമ്മർദത്തില്‍ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് വൈദ്യ പരിശോധനക്ക് വിധേയനാക്കിയിരുന്നു. മുംബൈ പൊലീസിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.
അതേസമയം കർണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജി വച്ചു. സുധാകറും എംടിബി നാഗരാജുമാണ് രാജി വച്ചത്. സ്പീക്കർ രാജി സ്ഥിരീകരിച്ചു. എന്നാൽ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. കെ സുധാകറുമായി സിദ്ധരാമയ്യ ചർച്ച നടത്തി. ഇതോടെ കോൺഗ്രസിന് തിരിച്ചടിയായി രാജിവച്ച എംഎൽഎമാരുടെ എണ്ണം 16 ആയി. ഇനിയും രാജി തുടരുമെന്നാണ് സൂചന.