കർണാടക: കർണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജി വച്ചു. കെ സുധാകറും എംടിബി നാഗരാജുമാണ് രാജി വച്ചത്. സ്പീക്കർ രാജി സ്ഥിരീകരിച്ചു. എന്നാൽ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. കെ സുധാകറുമായി കർണാടക പിസിസി അധ്യക്ഷൻ ചർച്ച നടത്തി.
ഇതോടെ കോൺഗ്രസിന് തിരിച്ചടിയായി രാജിവച്ച എംഎൽഎമാരുടെ എണ്ണം 16 ആയി. ഇനിയും രാജി തുടരുമെന്നാണ് സൂചന. ഗണേഷ് ഹുക്കേരിയും രാജിവക്കുമെന്ന് സൂചനയുണ്ട്. അതേസമയം കോൺഗ്രസ്- ജെഡിഎസ് സഖ്യ സർക്കാരിനെ പിരിച്ച് വിടാൻ ബിജെപി ആവശ്യമുന്നയിച്ച് കഴിഞ്ഞു. രാജി വച്ച എംഎൽഎമാരെ അനുനയിപ്പിക്കാൻ മുംബൈ ഹോട്ടലിലെത്തിയ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള ശിവകുമാറിനെ രക്തസമ്മർദത്തില്‍ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് വൈദ്യ പരിശോധനക്ക് വിധേയനാക്കി. ആവശ്യമെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു.