ബെംഗളുരു: റോഡിൽ നിയമവിരുദ്ധമായി പാർക്ക് ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥന്‍റെ കാറിന്‍റെ ടയറിലെ കാറ്റ് ഊരിവിട്ട് തഹസിൽദാർ. മെഡിക്കൽ ഷോപ്പിൽ പോകാനായി അനധികൃതമായി പാർക്ക് ചെയ്‌ത പൊലീസ് കോൺസ്റ്റബിൾ ദയാനന്ദിന്‍റെ വാഹനത്തിന്‍റെ ടയറിലെ കാറ്റാണ് തഹസില്‍ദാര്‍ മഞ്ജുനാഥ് അഴിച്ചു വിട്ടത്. എന്നാൽ തിരികെ കാറെടുക്കാനെത്തിയ ദയാനന്ദ് തഹസിൽദാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ആരംഭിച്ചു. മഹാത്മാഗാന്ധിയുടെ ഫോട്ടോയുമായി ദേശീയ പാതയിലാണ് നീതി ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ ധർണ നടത്തിയത്.
തഹസിൽദാർ കാർ മാറ്റണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടതെന്നും അല്ലെങ്കിൽ നോട്ടീസ് നൽകുകയോ ഫൈൻ ഈടാക്കുകയോ ആണ് ചെയ്യേണ്ടതെന്നും ദയാനന്ദ് പറഞ്ഞു. ടയറിന്‍റെ കാറ്റ് ഊരി വിടാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും ദയാനന്ദ് വാദിച്ചു. തുടർന്ന് ഉദ്യോഗസ്ഥനെ പ്രാദേശിക പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് സാമൂഹ്യ പ്രവർത്തകനായ അഭിഷേക് ദയാനന്ദിന്‍റെ സമരത്തിനെതിരെ രംഗത്തെത്തി. ഉദ്യോഗസ്ഥന്‍റെ സമരം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയെന്നും ദയാനന്ദിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.