ബെംഗളൂരു: കർണാടക ടൂറിസം മന്ത്രി സി.ടി.രവിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മഹാമാരി ബാധിച്ച ആദ്യ മന്ത്രിയാണ് സി.ടി.രവി. നിലവിൽ വീട്ടിൽ ക്വാറന്‍റൈനില്‍ കഴിയുകയാണ് മന്ത്രി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് കൊവിഡ് പരിശോധനകളാണ് മന്ത്രിക്ക് നടത്തിയത്. ആദ്യത്തേത് നെഗറ്റീവ് ആയിരുന്നു, എന്നാൽ രണ്ടാമത്തേത് പോസിറ്റീവ് ആയി. കർണാടകയുടെ സാംസ്കാരിക മന്ത്രി കൂടിയാണ് രവി. നിലവിൽ മൂന്നാമത്തെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്. രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വെളിപ്പെടുത്തി.
കർണാടകയിൽ ശനിയാഴ്ച മാത്രം 2,798 പോസിറ്റീവ് കേസുകളും 70 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 36,216 ആയും മരണസംഖ്യ 613 ആയും വർധിച്ചു.