ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി രാജി വെച്ചു. രാത്രി ഒന്‍പത് മണിയോടെ രാജ്ഭവനിലെത്തി ഗവർണർ വാജുഭായ് വാലക്ക് അദ്ദേഹം രാജി സമർപ്പിച്ചു.രാജി സ്വീകരിച്ച ഗവർണർ പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
ആകെയുള്ള 204 എംഎൽഎമാരിൽ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിലെ 99 പേർ വിശ്വാസ പ്രമേയത്തിൽ സർക്കാരിനെ പിന്തുണച്ചപ്പോൾ 105 പേർ എതിർത്തു. മുബൈയിലുള്ള വിമത എംഎൽഎമാർ നാളെ ബെംഗളൂരുവിലെത്തും. അഴിമതിയാൽ ഭാരമേറിയ സർക്കാരാണ് പുറത്തായതെന്ന് വോട്ടെടുപ്പിന് ശേഷം ബിജെപി പ്രതികരിച്ചു. അതേസമയം നെറികെട്ട കുതിര കച്ചവടത്തിലൂടെയാണ് ബിജെപി വിജയിച്ചതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
കുമാരസ്വാമി സർക്കാരിനെ മടുത്തുവെന്നും വരാനിരിക്കുന്നത് വികസനത്തിന്‍റെ നാളുകളെന്നും ബി എസ് യെഡ്യൂരപ്പ പറഞ്ഞു. യെഡ്യൂരപ്പ മുഖ്യമന്ത്രിയായേക്കുമെന്നും വ്യാഴാഴ്‌ച സത്യപ്രതിജ്ഞ നടന്നേക്കുമെന്നുമാണ് ബിജെപി ദേശീയ നേതൃത്വം നൽകുന്ന സൂചന. നാലാമത്തെ തവണയാകും യെഡ്യൂരപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രി പദത്തിലെത്തുക. ബിജെപിയുടെ നിയമസഭാകക്ഷിയോഗം നാളെ നടക്കും.
ജനാധിപത്യത്തിന്‍റെ വിജയമാണിതെന്ന് ബിജെപി പറഞ്ഞപ്പോൾ ഭരണത്തില്‍ വന്നാലും ബിജെപി സര്‍ക്കാരിന് ആയുസുണ്ടാവില്ലെന്ന് എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു. അതേസമയം വോട്ടെടുപ്പിൽ പങ്കെടുക്കാത്തതിന് ബിഎസ്‌പി എംഎൽഎ എൻ മഹേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
കർണാടക നിയമസഭയിലെ നിലവിലെ സംഭവവികാസങ്ങളിൽ മനംമടുത്തെന്നും മുഖ്യമന്ത്രി പദം ഒഴിയാൻ തയാറാണെന്നും വിശ്വാസപ്രമേയ ചർച്ചയ്ക്കിടെ കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. അതിനിടെ ബെംഗളൂരുവിൽ അടുത്ത രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗളൂരു റേസ് കോഴ്‍സ് റോഡിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് നിരോധനാജ്ഞ പ്രഖ്യാപനത്തിലേക്ക് നയിച്ചത്.