ലഖ്‌നൗ: ഹിന്ദു സമാജ് പാർട്ടി നേതാവ് കമലേഷ് തിവാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തിവാരിക്ക് 15 തവണ കുത്തേൽക്കുകയും തലയ്ക്ക് വെടിയേൽക്കുകയും ചെയ്‌തതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.കഴുത്തിൽ ആഴത്തിലുള്ള രണ്ട് മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. താടിയെല്ലുകൾക്കും നെഞ്ചിനുമിടയിലാണ് കുത്തേറ്റത്. മുറിവുകൾ തമ്മിൽ 10 സെന്‍റീമീറ്ററോളം അകലമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തിവാരിയുടെ തലയോടിന് പുറകിൽ നിന്ന് ഒരു വെടിയുണ്ടയും കണ്ടെത്തിയിരുന്നു.
ഒക്ടോബർ 18 നാണ് ലഖ്‌നൗവിലെ നാകയിൽ തിവാരി കൊല്ലപ്പെട്ടത്. കൊലപാതകക്കേസിലെ രണ്ട് പ്രധാന പ്രതികളായ അഷ്‌ഫാക്ക് ഹുസൈൻ ജാക്കിർഹുസൈൻ ഷെയ്ഖ് (34), മൊയ്‌നുദ്ദീൻ ഖുർഷിദ് പത്താൻ (27) എന്നിവരെ ഗുജറാത്ത്- രാജസ്ഥാൻ അതിർത്തിയിൽ നിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. തിവാരിയുടെ കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിലായിരുന്നു. അതേസമയം പ്രധാന പ്രതികളായ അഷ്‌ഫാക്കിനും മൊയ്‌നുദ്ദീൻ പത്താനും സഹായം നൽകിയെന്ന സംശയത്തെ തുടർന്ന് രണ്ട് പേരെ ഉത്തർപ്രദേശ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.