ഭോപ്പാല്‍: വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് നിയമസഭാ പാര്‍ട്ടിയോഗം വിളിച്ചു. കമല്‍നാഥിന്‍റെ വസതിയിലാണ് യോഗം ചേരുന്നത്. വെള്ളയാഴ്‌ച അഞ്ച് മണിക്ക് മുമ്പായി വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് കമല്‍ നാഥ് സര്‍ക്കാരിനോട് സുപ്രീം കോടതി നല്‍കിയ നിര്‍ദേശം. ഇതേ തുടര്‍ന്നാണ് അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചത്. കമല്‍ നാഥ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് സംസ്ഥാന പബ്ലിക് റിലേഷന്‍സ് മന്ത്രി പി.സി. ശര്‍മ്മ പ്രതികരിച്ചു. ഉച്ചക്ക് ശേഷം 2 മണിക്ക് നിയമസഭയില്‍ ചേരുന്ന പ്രത്യേക യോഗത്തില്‍ കമല്‍ നാഥ് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് തേടും. വ്യാഴാഴ്‌ച രാത്രിയാണ് ഇതു സംബന്ധിക്കുന്ന അജണ്ട നിയമസഭ പുറത്തുവിട്ടത്. ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട് നിയമസഭയില്‍ ചേരുന്ന യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നറിയിച്ചുകൊണ്ടുള്ളതാണ് വിപ്പ്.
അതേസമയം 16 വിമത എംഎല്‍എമാരുടേയും രാജി സ്പീക്കര്‍ സ്വീകരിച്ചതോടെ നിയമസഭയിലെ നിലവിലെ സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാര്‍ രാജി വെച്ചതോടെ കോണ്‍ഗ്രസിന്‍റെ അംഗബലം 92 ആയി കുറഞ്ഞു. നിലവില്‍ കേവല ഭൂരിപക്ഷത്തിന് 104 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസിന് തനിച്ച് 92 ഉം ഒരു എസ്‌പി, രണ്ട് ബിഎസ്‌പി, നാല് സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണ ലഭിച്ചാലും 99 സീറ്റുകളാണ് ലഭിക്കുക.