ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ, എഐഎഡിഎംകെ എന്നിവയുമായി സഖ്യമുണ്ടാക്കില്ലെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ. സാമ്പത്തിക വിപ്ലവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്‍റെ പാർട്ടി ആഗ്രഹിക്കുന്നതെന്നും കഴകം പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ താൽപര്യമില്ലെന്നും കാഞ്ചീപുരത്ത് കമൽഹാസൻ പറഞ്ഞു.
അണ്ണ ദുരൈയുടെ ജന്മസ്ഥലത്ത് നിന്ന് പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരം ലഭിച്ചാൽ ജനങ്ങൾക്ക് സുതാര്യമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ വാതിൽപ്പടിക്കൽ സേവനങ്ങൾ എത്തിക്കും. എല്ലാ വീടുകളും ഡിജിറ്റൽ സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. നഗരവാസികൾ ആസ്വദിക്കുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഗ്രാമത്തിലുള്ളവർക്കും ലഭ്യമാക്കും. ഇന്‍റർനെറ്റ് ഒരു അടിസ്ഥാന മനുഷ്യാവകാശമായി പ്രഖ്യാപിക്കുമെന്നും ഓരോ വീടിനും 200 എംബിപിഎസ് സൗജന്യ ഇന്‍റർനെറ്റ് കണക്ഷൻ നൽകുമെന്നും കമൽഹാസൻ പറഞ്ഞു.