ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രങ്ങളും സീറ്റ് പങ്കിടലും ചർച്ച ചെയ്യാൻ ബിജെപി ദേശീയ പ്രസിഡന്‍റ് ജെപി നദ്ദ ഇന്ന് ബിഹാറിലെ ബിജെപി ഉന്നത പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
സീറ്റ് പങ്കിടൽ സംബന്ധിച്ച് നാഷണൽ ഡെമോക്രാറ്റിക് അലയൻസില്‍ (എൻഡിഎ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്തുന്നത്. ജനതാദൾ (യുണൈറ്റഡ്) നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, രാഷ്ട്രീയ ലോക്സമത പാർട്ടി (ആർഎൽഎസ്‌പി) ദേശീയ ജനറൽ സെക്രട്ടറി ആനന്ദ് മാധവ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജശ്വി യാദവ് ഇന്നലെ മാധവിനെ സന്ദർശിച്ചതിന് പിന്നാലെയാണ് രാജി.
ബിഹാർ യൂണിറ്റ് മേധാവി മദൻ മോഹൻ ഝാ, സിഎൽപി നേതാവ് സദാനന്ദ് സിംഗ് എന്നിവരെ കോൺഗ്രസ് ബുധനാഴ്ച ഡൽഹിയിലേക്ക് വിളിച്ചിരുന്നു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനായി സഖ്യം, അന്തിമഘട്ട സീറ്റ് പങ്കിടൽ ചർച്ചകൾ നടത്തുന്നുണ്ട്. ഈ ആഴ്ച അവസാനത്തോടെ വിഷയത്തിൽ പ്രഖ്യാപനമുണ്ടാകും.
ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തുടർന്ന് നവംബർ 10 ന് വോട്ടെണ്ണൽ നടക്കും.
2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡി-യു, ആർജെഡി, കോൺഗ്രസ് എന്നിവർ മഹാഗത്ബന്ധന്‍റെ ബാനറിൽ തെരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ, ലോക് ജനശക്തി പാർട്ടിയുമായും മറ്റ് സഖ്യകക്ഷികളുമായി ഒന്നിച്ചാണ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്.