ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജെഎൻയു എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് ചേരും. എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുന്ന കൺവെൻഷൻ സെൻ്ററിന് പുറത്ത് ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രക്ഷോഭത്തെ തുടർന്ന് വിദ്യാര്‍ഥികളുടെ ആവശ്യങ്ങൾ പരിശോധിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പോഖ്രിയാൽ ഉറപ്പ് നൽകിയിരുന്നു. ഒക്ടോബർ ഇരുപത്തിയെട്ടിനാണ് ഇൻ്റർഹാൾ അഡ്മിനിസ്ട്രേഷൻ യോഗത്തിൽ ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചുകൊണ്ട് കരട് ഹോസ്റ്റൽ മാനുവൽ പാസാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലും ജെഎൻയു വിദ്യാർഥികൾ ഫീസ് വർധനക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ഫീസ് വർദ്ധനവ് പിൻവലിക്കാതെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരാൻ അനുവദിക്കില്ലെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ ചെലവിനും പുതിയ വിദ്യാഭ്യാസ നയത്തിനുമെതിരെ നവംബർ 14 ദേശീയ പ്രതിഷേധ ദിനമായി ആചരിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. എബിവിപിയും ഇന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന പ്രതിഷേധത്തിൽ മറ്റ് സർവകലാശാലകളിലെ വിദ്യാർഥികളിൽ നിന്നും ജെഎൻയു പൂർവ്വ വിദ്യാർഥികളിൽ നിന്നും ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയന് പിന്തുണ ലഭിച്ചിരുന്നു.