റാഞ്ചി: നിയുക്ത മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച വര്‍ക്കിങ് പ്രസിഡന്‍റുമായ ഹേമന്ത് സോറനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ദ്രൗപദി മുര്‍മു ക്ഷണിച്ചിരുന്നതായി പാര്‍ട്ടി വെളിപ്പെടുത്തല്‍. സര്‍ക്കാരുണ്ടാക്കാന്‍ അമ്പത് എംഎൽഎമാരുടെ പിന്തുണാ കത്ത് സോറന്‍ സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു. ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച(പ്രജാതാന്ത്രിക്) എന്നിവയിലെ അമ്പത് എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചതായി രാജ്‌ഭവനും അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബര്‍ 19ന് മൊഹ്‌റാബാദി മൈതാനത്ത് വെച്ചുനടക്കുമെന്നാണ് റിപ്പോര്‍ട്ട്. 81 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 47 സീറ്റുകളായിരുന്നു കോൺഗ്രസ്– ജാർഖണ്ഡ് മുക്തി മോർച്ച– രാഷ്ട്രീയ ജനതാ ദൾ മഹാസഖ്യത്തിന് ലഭിച്ചത്.