ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവെയ്പ്പിനിടെ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍. 20 ദിവസത്തിനുള്ളിലാണ് 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. തീവ്രവാദികളെ വിജയകരമായി ഇല്ലാതാക്കാനായെന്ന് ജമ്മു കശ്മീർ പൊലീസ് ജനറൽ ദിൽബാഗ് സിംഗ് മാധ്യമങ്ങളെ അറിയിച്ചു.
'ജനുവരിയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ പത്ത് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇവരിൽ മൂന്നുപേർ തിങ്കളാഴ്ച ഷോപിയൻ ജില്ലയിലെ വാച്ചി പ്രദേശത്ത് നടന്ന വെടിവെയ്പ്പിലാണ് കൊല്ലപ്പെട്ടത്. മുൻ എംഎൽഎയുടെ വീട്ടിൽ നിന്നും എട്ട് റൈഫിളുകൾ മോഷ്ടിച്ച ഹിസ്ബുൾ വിഭാഗത്തിൽ പെട്ട തീവ്രവാദികളാണ് ഇവരെന്ന് അദ്ദേഹം പറഞ്ഞു.
രഹസ്യാന്വേഷണ ഏജൻസികളുടെ പിന്തുണയോടെയാണ് മേഖലയില്‍ ഓപ്പറേഷന്‍ നടത്തിയതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീവ്രവാദികൾ ജനവാസ മേഖലകളിൽ തങ്ങുന്നതിന്‍റെ പ്രധാന കാരണം കശ്മീരിലെ അതിശൈത്യമാണെന്നും അദ്ദേഹം അറിയിച്ചു.