പ്രമുഖ സേവന ദാതാക്കള്‍ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ 40 ശതമാനം വരെ മൊബൈല്‍ കോളിങ്, ഡാറ്റാ നിരക്ക് വര്‍ധിപ്പിക്കുമെന്ന് റിലൈയൻസ് ജിയോയും അറിയിച്ചു . ഡിസംബർ ആറു മുതൽ പരിധിയില്ലാത്ത വോയ്‌സ് ഡാറ്റ പ്ലാനുകളില്‍ 40 ശതമാനം വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ കമ്പനി അറിയിച്ചിരിക്കുന്നത്. വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവയ്ക്ക് പിന്നാലെയാണ് ജിയോയും നിരക്ക് കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ജിയോ ഒഴിച്ചുള്ള സേവനദാതാക്കള്‍ ഡിസംബർ മൂന്ന് മുതലാണ് നിരക്ക് വര്‍ധിപ്പിക്കുക. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നിരക്ക് വര്‍ധനയെന്നാണ് ടെലികോം കമ്പനികളുടെ വാദം. കഴിഞ്ഞ പാദത്തില്‍ ഐഡിയ-വോഡഫോണ്‍ കമ്പനി 50000 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മികച്ച ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബി.എസ്.എൻ.എല്‍ കഴിഞ്ഞ പതിനാല് കൊല്ലമായി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നതും ടെലികോം രംഗത്ത് ആശങ്കയുണ്ടാക്കുന്നു.
നിരക്ക് കൂട്ടിയാലും പുതിയ പ്ലാനുകൾ പ്രകാരം ഉപഭോക്താക്കൾക്ക് 300 ശതമാനം വരെ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും മറ്റ് ടെലികോം ഓപ്പറേറ്റർമാരുടെ വരിക്കാരിൽ നിന്നുള്ള കോളുകൾക്ക് ന്യായമായ നിരക്കായിരിക്കും ഈടാക്കുകയെന്നും ജിയോ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ ആറിന് ശേഷം പരിധിയില്ലാത്ത വോയ്‌സ് കോള്‍ ഓഫറുകളും ഡാറ്റാ സേവനങ്ങളുമുള്ള ഓൾ-ഇൻ-വൺ പ്ലാനുകളാണ് ജിയോ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. താരിഫ് നിരക്ക് പരിഷ്‌കരണത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുമെന്നും ജിയോ അറിയിച്ചു.