റാഞ്ചി: ബൈക്ക് മോഷ്ടിച്ചു എന്നാരോപിച്ച് ഝാർഖണ്ഡിലെ സേരായികെല ജില്ലയിൽ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്നു. ഷംസ് ടബ്രെസ് എന്നയാളെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആൾക്കൂട്ടം പിടികൂടിയത്. ഇയാളെ ഏഴ് മണിക്കൂറോളം കെട്ടിയിട്ട് മർദ്ദിച്ചു. ബുധനാഴ്‌ച രാവിലെ ഇയാൾ ബോധരഹിതനായപ്പോഴാണ് ആൾക്കൂട്ടം ഇയാളെ പൊലീസിൽ ഏൽപ്പിക്കുന്നത്. ഇന്നലെ ഇയാള്‍ മരണത്തിന് കീഴടങ്ങി. ഷംസിനെക്കൊണ്ട് 'ജയ് ശ്രീ രാം' എന്നും 'ജയ് ഹനുമാൻ' എന്നും വിളിപ്പിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഷംസിനെ ആൾക്കൂട്ടം മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഷംസിന് ചികിത്സ നൽകണമെന്ന ആവശ്യം പൊലീസ് നിഷേധിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. ഷംസിനെ മർദ്ദിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
മർദ്ദനത്തിൽ ബോധരഹിതനായതിനെ തുടർന്ന ഷംസിനെ ആദ്യം സേരായികെല ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് പൊലീസ് പറയന്നു. പൊലീസ് സ്റ്റേഷനിൽ വച്ച് ഇയാളുടെ ആരോഗ്യനില വീണ്ടും വഷളായതോടെ സദർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.
കുട്ടുകാരുടെ ഒപ്പം ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന ഷംസിനെ ആൾക്കൂട്ടം ബൈക് മോഷണം ആരോപിച്ച് തല്ലി ചതക്കുകയായിരുന്നു. ഷംസിന്‍റെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ഇവർ സേരായികെലയിൽ എത്തുന്നതിന് മുമ്പ് അവിടെ ഒരു ബൈക് മോഷണം നടന്നിരുന്നു. ഇതിന് പിന്നിൽ ഇവരാണെന്നാരോപിച്ചാണ് ആൾക്കൂട്ടം ഇവരെ മർദ്ദിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.