ലക്‌നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ വരാനിരിക്കുന്ന ജെവാർ വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾക്കിടെ സർക്കാർ ഉദ്യോഗസ്ഥരെയും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെയും ആക്രമിച്ച 50 ഗ്രാമവാസികൾക്കെതിരെ കേസെടുത്തു . തിങ്കളാഴ്ച്ച 11.30 ഓടെ സ്ഥലം ഏറ്റെടുക്കാൻ ഉദ്യോഗസ്ഥർ ദയാനത്പൂർ ഗ്രാമത്തിലെത്തിയപ്പോഴാണ് സംഭവം .
വിമാനത്താവളത്തിനായി തങ്ങളുടെ ഭൂമി അധികൃതർ ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ പ്രതിഷേധിച്ചിരുന്നു.തുടർന്ന് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പൊലീസ്‌കാർക്ക് പരിക്കേൽക്കുകയും സർക്കാർ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. സംഭവത്തിൽ കേസെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.