ന്യൂഡൽഹി: ഡൽഹി പൊലീസിന്‍റെ 'വിദ്യാർഥി വേട്ട'ക്കെതിരെ ജെസിസി (ജാമിയ ഏകോപന സമിതി). ജാമിയ മിലിയ വിദ്യാർഥിയായ ആസിഫ് ഇഖ്‌ബാൽ തൻഹയെ അറസ്റ്റ് ചെയ്‌തതോടെയാണ് പൊലീസ് വിദ്യാർഥി വേട്ട നടത്തുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചത്. ജാമിയ വിദ്യാർഥികളും പൂർവ വിദ്യാർഥികളും അടങ്ങുന്ന സമിതിയാണ് ജെസിസി. സിഎഎ വിരുദ്ധ പ്രതിഷേധത്തെത്തുടർന്ന് ഡിസംബർ 15 മുതൽ കാമ്പസിൽ പൊലീസിന്‍റെ ആക്രമണം ആരംഭിച്ചതിനെതിരെയാണ് സമിതി രൂപീകരിച്ചത്.
ജാർഖണ്ഡ് സ്വദേശിയായ ആസിഫ് ഇഖ്ബാല്‍ തന്‍ഹ സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ പേര്‍ഷ്യന്‍ ഭാഷാ വിദ്യാര്‍ഥിയാണ്. തൻഹയെ ആദ്യം ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയ ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലേക്ക് അയച്ചു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനും വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിനും പ്രേരിപ്പിച്ചുവെന്നാരോപിച്ച് ജെസിസി നേതാക്കളായ മീരൻ ഹൈദർ, സഫൂറ സർഗാർ, ഷിഫ ഉർ റഹ്‌മാൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
ഡൽഹി ആക്രമണത്തിന്‍റെ യഥാർഥ ഗൂഢാലോചനക്കാരും കുറ്റവാളികളും സ്വതന്ത്രമായി നടക്കുമ്പോൾ വിദ്യാർഥികളെ പിടികൂടാനുള്ള തിരക്കിലാണ് ഡൽഹി പൊലീസെന്നും ജെസിസി ആരോപിച്ചു. സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ പ്രവർത്തകരെയും മോചിപ്പിക്കണമെന്നും യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ജാമിയ ഏകോപന സമിതി ആവശ്യപ്പെട്ടു. ഡൽഹി പൊലീസിന്‍റെ ഭീഷണികൾക്ക് വഴങ്ങില്ലെന്നും സിഎഎ വിരുദ്ധ പോരാട്ടം തുടരുമെന്നും ജെസിസി പറഞ്ഞു.