ജമ്മു: നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരിലെ പൂഞ്ച് സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ ജവാന്‍ വീരമൃത്യു വരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ്പുണ്ടായത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നുണ്ടെന്ന് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് നിയന്ത്രണരേഖയിലെത്തി മടങ്ങിയതിന് തൊട്ടു പിന്നാലെയാണ് പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ജൂലൈ മുതലുള്ള പാക് വെടിവയ്പ്പില്‍ 7 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ച് സൈനികരും പത്ത് ദിവസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. അതിര്‍ത്തിയില്‍ ഭീകരര്‍ക്ക് നുഴഞ്ഞുകയറാനുള്ള സാഹചര്യമൊരുക്കുന്നതിനായാണ് പാകിസ്ഥാന്‍ പലപ്പോഴും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത്.