ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ പി. ചിദംബരത്തെയും ദിഗ്‌വിജയ് സിംഗിനെയും വെല്ലുവിളിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. ബിഹാർ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ പ്രകടനപത്രികയിൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനം പിൻവലിക്കുമെന്നുള്ള കോൺഗ്രസിന്‍റെ വാദം പരാമർശിക്കാമോ എന്നാണ് പ്രകാശ് ജാവദേക്കർ വെല്ലുവിളിച്ചത്.
ആർട്ടിക്കിൾ റദ്ദാക്കിയത് തെറ്റാണെന്നും കോൺഗ്രസ് അത് തിരിച്ചെടുക്കുമെന്നും ചിദംബരവും ദിഗ്‌വിജയ് സിങ്ങും പറയുന്നു. ഇത് ബിഹാർ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ.ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനത്തെ ജമ്മു കശ്മീർ ജനത ഉൾപ്പെടെ രാജ്യം മുഴുവൻ സ്വാഗതം ചെയ്തു. കൂടാതെ കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യം എത്ര മാത്രം പുരോഗതി കൈവരിച്ചുവെന്ന് കോൺഗ്രസ് കണ്ടുകഴിഞ്ഞു. എന്നിട്ടും കോൺഗ്രസ് വിഘടനവാദികളോടൊപ്പം നിൽക്കുന്നുവെന്നും ജാവദേക്കർ പറഞ്ഞു.
രാഹുൽ ഗാന്ധി പാകിസ്ഥാനെയും ചൈനയേയും തന്‍റെ പ്രസംഗങ്ങളിൽ പ്രശംസിക്കുന്നു. ആർട്ടിക്കിൾ 370 ഒരു ഹ്രസ്വകാലത്തേക്ക് മാത്രമായിരുന്നു. അത് 70 വർഷത്തോളം തുടർന്നു. ആർട്ടിക്കിൽ റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ ദളിതർക്കും പ്രായമായവർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ ലഭിക്കുന്നു. എന്നാൽ കോൺഗ്രസ് ഇപ്പോഴും ആർട്ടിക്കിൾ റദ്ദാക്കിയതിനെതിരെ സംസാരിക്കുന്നു എന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.