ശ്രീനഗര്‍: ജമ്മു കശ്‌മീരിൽ രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മേഖലയില്‍ നീരീക്ഷണത്തിലുണ്ടായിരുന്ന 159 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതായും ഇവരില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 81 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും, 1743 വിനോദ സഞ്ചാരികളുമടക്കം 1485 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. പരിശോധനയ്‌ക്കയച്ച 81 സാമ്പിളുകളില്‍ ഫലം വന്ന 77 എണ്ണം നെഗറ്റീവാണ്. ബാക്കിയുള്ളവയുടെ ഫലം വരും ദിവസങ്ങളില്‍ ലഭിക്കും.
കൊവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയാൻ തയാറാകണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണം. വീടിന് പുറത്തിറങ്ങരുതെന്നും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കുറയ്‌ക്കണമെന്നും നിര്‍ദേശമുണ്ട്.