ന്യൂഡല്‍ഹി: കഴിഞ്ഞ വർഷം ജൂലൈയിൽ ഗുജറാത്തിൽ നിന്ന് തന്നെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചാൽ സഹകരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ജയശങ്കറിന്‍റെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. ഇതിന് ശേഷം ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ജയശങ്കറിന്‍റെ പ്രസ്താവന.
കോണ്‍ഗ്രസ് നേതാക്കളായ ഗൗരവ് പാണ്ഡ്യ, ചന്ദ്രിക ചുദാസാമ, പരേഷ് ധനാനി എന്നിവരാണ് ജയശങ്കറിനെയും ബിജെപി നേതാവ് ജുഗൽജി താക്കോറിനെയും പാർലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അമിത് ഷാ, സ്‌മൃതി ഇറാനി എന്നിവര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് ജയശങ്കറിനെയും ജുഗൽജി താക്കോറിനെയും ബിജെപി രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്. എന്നാല്‍ തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം.